ചാരുംമൂട് ജംഗ്ഷനിൽ വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചുകയറി അപകടം പതിവാകുന്നു
1588771
Tuesday, September 2, 2025 11:23 PM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയും കായംകുളം-പുനലൂർ സംസ്ഥാന പാതയും സംഗമിക്കുന്ന ചാരുംമൂട് ജംഗ്ഷനിൽ വാഹനഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിച്ചുകയറി അപകടങ്ങൾ വർധിക്കുന്നു. ഡിവൈഡറിൽ മുന്നറിയിപ്പ് ബോർഡോ അപായ സൂചനയോ സ്ഥാപിക്കാത്തതാണ് പ്രധാന കാരണം.
സിഗ്നൽ ലൈറ്റിന് കിഴക്ക് കെപി റോഡിലെ ഡിവൈഡറിലാണ് അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്. സ്ഥല പരിചയമില്ലാത്ത ദീർഘദൂര യാത്രാവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞവർഷം ലോറി ഇടിച്ചുകയറി ഡിവൈഡർ തകർന്നതിനുശേഷം ഡിവൈഡർ പുനർനിർമിച്ചിരുന്നു.
അന്ന് അപകടമുന്നറിയിപ്പ് സിഗ്നലുകൾ സ്ഥാപിച്ചെങ്കിലും ആറുമാസം മുമ്പ് വീണ്ടും വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി. ഇതിനുശേഷം അപകടസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതാണ് നിരന്തരം വാഹനങ്ങൾ അപകടത്തിൽ പ്പെടാൻ കാരണം. ഡിവൈഡർ തുടങ്ങുന്നതിനു മുമ്പുള്ള ഹമ്പിനും മുന്നറിയിപ്പ് സംവിധാനമില്ല. വേഗതയിൽ വരുന്ന വാഹനങ്ങൾ ഹമ്പിൽ കയറി നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് ഇടിച്ചുകയറുന്നതും പതിവാണ്.
ചാരുംമൂട് കിഴക്ക് ചന്ത മുതൽ സിഗ്നൽ പോയിന്റുവരെയുള്ള റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുകയാണ്.