പച്ചക്കറികൾക്കൊപ്പം മത്സ്യവിപണിയും സജീവം
1588768
Tuesday, September 2, 2025 11:23 PM IST
അമ്പലപ്പുഴ: ഓണത്തെ വരവേൽക്കാൻ പച്ചക്കറികൾക്കൊപ്പം മത്സ്യവിപണിയും സജീവമായി. രുചിയേറിയ വിവിധയിനം കടൽ മത്സ്യങ്ങൾ റോഡുവക്കിലെ ചെറിയ തട്ടിൽ മുതൽ പ്രധാന മാർക്കറ്റുകളിൽ വരെ എത്തിത്തുടങ്ങി. കേര, ചൂര, തെരണ്ടി, സ്രാവ്, ആവോലി, മാച്ചാൻ, വലിയ ഇനം കണവ, വിവിധ ഇനം ചെമ്മീനുകൾ അടക്കമാണ് വിപണിയിൽ സുലഭം.
ഇന്നലെ തോട്ടപ്പള്ളി ഹാർബറിൽ ഇടത്തരം മാച്ചാൻ 300 രൂപ വച്ചാണ് തൂക്കിയത്. ചെറുകിട കച്ചവടക്കാരാണ് കൂടുതലും എടുത്തത്. വലിയ കണവ, കേര തുടങ്ങിയ മീനുകൾക്ക് കിലോ 400 രൂപയാണ് വില. എന്നാൽ ബോട്ടുകൾ അടുക്കാൻ തുടങ്ങിയതോടെ കിളി, അയല, പല്ലിക്കോര, മാന്തൽ തുടങ്ങിയവയുടെ വിലയിൽ നേരിയ ഇടിവുണ്ട്. കൂറ്റൻ കേര ഒഴിച്ചുള്ള മത്സ്യങ്ങൾ കേരള തീരത്തുനിന്നുതന്നെയാണ് വിപണിയിലെത്തുന്നത്.
അതേസമയം, ആഘോഷനാളുകളിൽ കേര, ചൂര തുടങ്ങിയ മത്സ്യങ്ങൾക്കാണ് ആവശ്യക്കാർ ഏറുന്നത്. പുറക്കാട്, കാക്കാഴം, വളഞ്ഞവഴി, പുന്നപ്ര, പറവൂർ, പുലയൻവഴി ഭാഗങ്ങളിലാണ് മീൻ കച്ചവടം കൂടുതൽ നടക്കുന്നത്. വരാൽ, കരിമീൻ, ആറ്റുവാള, തിലോപ്പിയ തുടങ്ങിയ ആറ്റുമത്സ്യങ്ങളും പച്ചയോടെ വിപണിയിലെത്തിത്തുടങ്ങി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വഴിയോരക്കച്ചവടക്കാർ ഏറെ ദുരിതം പേറിയാണ് കച്ചവടം നടത്തുന്നത്.