മുല്ലാക്കൽ ക്ഷേത്രം റോഡിൽ ദുരിതയാത്ര
1588774
Tuesday, September 2, 2025 11:23 PM IST
ചമ്പക്കുളം: നെടുമുടി പഞ്ചായത്തിൽ 10, 11 വാർഡുകളെ വേർതിരിക്കുന്ന മുല്ലാക്കൽ ക്ഷേത്രം റോഡ് കാൽനടയാത്രക്കാർക്കു പോലും ഉപയോഗിക്കാനാവാത്തവിധം തകർന്നു. നെടുമുടി കരുവാറ്റാ റോഡിൽ പടഹാരം പാലത്തിന് വടക്ക് വശത്ത് മതിമഠം ജംഗ്ഷനിൽനിന്ന് ആരംഭിച്ച് മുല്ലാക്കൽ ക്ഷേത്ര പുരയിടത്തിൽ അവസാനിക്കുന്ന റോഡിന്റെ പകുതി ഭാഗം പടഹാരം പാലത്തിന്റെ നിർമാണത്തോടനുബന്ധിച്ച് സർവീസ് റോഡ് നിർമിച്ചപ്പോൾ കൊക്കരാക്കൽ ക്ഷേത്രം വരെയുള്ള ഭാഗം ടാർ ചെയ്ത് യാത്രായോഗ്യമാക്കി.
എന്നാൽ, തുടർന്നുള്ള 450 മീറ്റർ മാത്രം വരുന്ന ഭാഗം കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത വിധം തകർന്നുകിടക്കുന്നു. നെടുമുടി കൃഷിഭവന് കീഴിലുള്ള മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിന്റെ നടുവിലൂടെ പോകുന്ന റോഡിലൂടെയാണ് നെല്ലുസംഭരണം നടത്തുന്നതിനുള്ള വാഹനങ്ങൾ എത്തുന്നത്. 200ലധികം വീടുകളിലെ ആളുകളുടെ ഏക യാത്രാമാർഗമായ റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി പരാതികൾ ബന്ധപ്പെട്ട വാർഡ് മെമ്പർമാർക്കും എംഎൽഎയ്ക്കും നല്കിയിട്ടും വർഷങ്ങളായിട്ട് യാതൊരു നടപടി ഉണ്ടായിട്ടില്ല.
മഴ പെയ്താൽ ദിവസങ്ങളോളം വെള്ളക്കെട്ടാകുന്ന റോഡിലൂടെ സന്ധ്യകഴിഞ്ഞാലുള്ള യാത്ര അപകടം പിടിച്ചതാണ്. കുട്ടനാട്ടിലെ കാർഷിക ചരിത്രത്തിൽ പ്രമുഖ സ്ഥാനം നേടിയിട്ടുള്ള മുല്ലാക്കൽ ക്ഷേത്രത്തിലേക്കുള്ള റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.