എസി കനാലിൽ കൈയേറ്റം തകൃതി
1588773
Tuesday, September 2, 2025 11:23 PM IST
ആലപ്പുഴ: എസി കനാൽ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുമ്പോൾ പള്ളാത്തുരുത്തി ഭാഗത്ത് നിർബാധം കനാൽ കൈയേറ്റം തുടരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കൈനകരി വില്ലേജ് പരിധിയിൽ നിരവധി കൈയേറ്റ നിർമിതികളാണ് ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ വശങ്ങളിൽ എസി കനാലിൽ നടക്കുന്നത്.
പൊങ്ങ ജ്യോതി ജംഗ്ഷൻ മുതൽ പള്ളാത്തുരുത്തി വരെയുള്ള കനാൽ വശങ്ങളിലാണ് കൈയേറ്റം കൂടുതൽ. ഇക്കാര്യത്തിൽ നടപടി എടുക്കേണ്ട അ ധികൃതരുടെ നിസംഗതയാ ണ് കൈയേറ്റങ്ങൾ കൂടാനുള്ള പ്രധാന കാരണം. റോഡിന് ഇരുവശത്തും ഉയർന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാർക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാൽ ഇങ്ങനെ കൈയേറി നിർമിക്കുന്ന കടകൾക്കു മുന്നിൽ റോഡിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ലക്ഷങ്ങൾ മുടക്കി കനാലിൽ നിർമിക്കുന്ന ഇത്തരം കൈയേറ്റങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. പോലീസിന്റെയും ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുടെയും അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.