അംഗപരിമിതന് പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു
1589035
Wednesday, September 3, 2025 11:02 PM IST
ചേർത്തല: അവശനിലയിലായിരുന്ന അംഗപരിമിതന് പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി മരിച്ചു. തിരുവനന്തപുരത്തു നിന്നും ചേര്‍ത്തലയിലെത്തി താമസിക്കുന്ന ഷാജി (51) ആണ് മരിച്ചത്. രണ്ടിന് രാത്രി എട്ടോടെ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് പുതിയകാവ് താമരശേരി ചിപ്പിയുടെ വീടിനുസമീപം എത്തിയ ഷാജി കൈയിലുണ്ടായിരുന്ന പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നിന് രാവിലെ ആറോടെ മരിച്ചു. നവകേരള സദസിൽ കോട്ടയത്ത് ഷാജി ഡ്രൈവറായി ജോലിക്ക് പോയപ്പോൾ രാത്രിയിൽ ഉറങ്ങിയ സ്ഥലത്തുവച്ച് വലതുകാലിൽ എലി കടിക്കുകയും മുറിവ് വ്രണം ആവുകയും തുടർന്ന് കഴിഞ്ഞ ജൂണില്‍ കോട്ടയം മെഡിക്കൽ കോളജിൽ മുട്ടനുമുകളിൽ വച്ച് കാലു മുറിക്കുകയും ചെയ്തു.
ചിപ്പിയുടെ മാതാവ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് ഷാജിയെ പരിചയപ്പെടുകയും ചേര്‍ത്തലയില്‍ വാടക വീട് ശരിയാക്കി കൊടുക്കുകയും ചെയ്തത്. പിന്നീട് വാടകവീട് വെള്ളക്കെട്ടിലായതിനെത്തുടർന്ന് ഷാജി നഗരത്തിലെ വുഡ്ലാൻഡ് ലോഡ്ജിലേക്ക് താമസം മാറ്റി. അംഗപരിമിതന് വരുമാനമില്ലാതെ ലോഡ്ജില്‍ കിടക്കുന്ന വിവരം വാര്‍ത്തയായപ്പോള്‍ മന്ത്രി പി. പ്രസാദ് ഇടപെടുകയും തിരുവനന്തപുരം ഗാന്ധിഭവന് സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു.
തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ആശുപത്രിയുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാതെ വന്നപ്പോൾ ലീഗൽ സർവീസ് അഥോറിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് പട്ടണക്കാട് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു. പട്ടണക്കാട് പോലീസ് കേസെടുത്തു.