തകർപ്പൻ ഒാണക്കച്ചവടം
1588769
Tuesday, September 2, 2025 11:23 PM IST
സ്വന്തം ലേഖകൻ
ആലപ്പുഴ: ഓണക്കച്ചവടം തകൃതി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപ്പുതൊട്ടു കർപ്പൂരം വരെ ഓഫർ വാഗ്ദാനങ്ങളുടെ കച്ചവട പെരുമഴ. താത്കാലിക ഷെഡുകളിലും ബ്രാൻഡഡ് ഷോറൂമുകളിലുമെല്ലാം തിരക്കേറി. നഗരത്തിലെ കച്ചവട കേന്ദ്രമായ മുല്ലയ്ക്കലിൽ തുണിത്തരങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും ചെരുപ്പും ആഭരണങ്ങളും എല്ലാമായി ഓണക്കച്ചവടത്തിന്റെ ഓട്ടപ്പാച്ചിൽ.
കൺസ്യൂമർ ഫെഡിന്റെ ഓണം വിപണി ജില്ലയിൽ തുടങ്ങിയിരുന്നു. ഗവ.സർവന്റ്സ് സഹകരണ ബാങ്കുമായി ചേർന്നാണ് വിപണി നടത്തുന്നത്. പച്ചക്കറി വിപണിയില്‍ പേടിച്ചത്ര വിലകയറാതെ നിൽക്കുന്നത് ആശ്വാസം പകരുന്നുണ്ട്.
ഓണവും വിവാഹ സീസണും ഒന്നിച്ചുവന്നിട്ടും പച്ചക്കറി വിലയിൽ മാന്ദ്യമുള്ളത് ആശ്വാസം. എന്നാല്‍, ഓണത്തലേന്നു കഥ മാറുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വെളിച്ചെണ്ണ താരം
നിലവില്‍ ഇഞ്ചി, കാരറ്റ്, പച്ചമുളക്, തക്കാളി എന്നിവയ്ക്കാണ് താരതമ്യേന വില കൂടിയിട്ടുള്ളതെന്ന് ആലപ്പുഴ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. പയര്‍, ബീന്‍സ്, വെണ്ടയ്ക്ക, ഏത്തക്കായ എന്നിവയ്ക്ക് ഇന്നലത്തെ വിലയല്ല ഇന്ന്. നാളെ വില ഉയര്‍ന്നേക്കുമെന്നത് സ്വാഭാവികം. ഓണത്തിന് അധികമായി ഓര്‍ഡര്‍ നല്കുന്ന പച്ചക്കറികള്‍ക്ക് ഇടനിലക്കാർ വില ഉയർത്തുന്ന പതിവുണ്ട്.
സാധാരണ സമയത്തേക്കാൾ ഇരട്ടിക്കച്ചവടമാണ് ഓണം സീസണിൽ കേരളത്തിൽ വെളിച്ചെണ്ണയ്ക്കുള്ളത്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത വിലയ്ക്കു കൊപ്ര വാങ്ങി ഉയർന്ന വിലയ്ക്കു കേര വെളിച്ചെണ്ണ മാർക്കറ്റിലെത്തിച്ചെങ്കിലും വിപണിയിലെ നമ്പർ വൺ ബ്രാൻഡിനു വില്പന കുറവാണ്. കേര വെളിച്ചെണ്ണ സപ്ലൈകോ സ്റ്റോറിൽ പോലും 445 രൂപയ്ക്കാണു വിൽക്കുന്നത്.
കൺസ്യൂമർ ഫെഡിന്റെ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും സഹകരണ സംഘങ്ങളുടെ 104 കേന്ദ്രങ്ങളും വഴി 118 ഓണച്ചന്തകളുമാണ് ജില്ലയിലുള്ളത്. നാളെ വരെയാണ് ഓണം വിപണി. 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുന്നുണ്ടെന്ന് അവകാശവാദം.
മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടെന്നു പറയുന്നു. കൂടാതെ ത്രിവേണി സ്റ്റോറുകൾ വഴി ആയിരം രൂപയ്ക്കു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്കു പായസ കിറ്റ് സൗജന്യമുണ്ട്.
കൺസ്യൂമർഫെഡ് , സംഘങ്ങളിലെ വില നിലവാരം
ജയ അരി -33/കിലോ കുറുവ അരി - 33/കിലോ കുത്തരി -33/ കിലോ പച്ചരി - 29/കിലോ പഞ്ചസാര - 34.65/ കിലോ ചെറുപയർ - 90/കിലോ വൻകടല - 65/കിലോ ഉഴുന്ന് - 90/കിലോ വൻപയർ - 70/കിലോ തുവരപ്പരിപ്പ് - 93/കിലോ മുളക് - 115. 50/കിലോ മല്ലി - 40.95/ 500ഗ്രാം വെളിച്ചെണ്ണ - സബ്സിഡി അര ലിറ്റർ + നോൺ സബ്സിഡി അര ലിറ്റർ - 349/ ലിറ്റർ എന്നിങ്ങനെ.
ജാഗ്രതവേണം
വിലക്കയറ്റത്തിന്റെ മറവിൽ വൻതോതിൽ വ്യാജ വെളിച്ചെണ്ണയും. പാം കെർണൽ ഓയിലാണു വെളിച്ചെണ്ണയിൽ ഇപ്പോൾ വ്യാപകമായി ചേർക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ റഫ്രിജറേറ്ററിൽ വച്ചാൽ എളുപ്പം കട്ടിയാവും. എന്നാൽ, പാം കെർണൽ ഓയിൽ 26 ഡിഗ്രി സെൽഷ്യസിൽ കട്ടിയാവും. വെളിച്ചെണ്ണയ്ക്ക് 24 ഡിഗ്രി വേണം. അതിനാൽ പാം കെർണൽ . ഓയിൽ ചേർത്ത വെളിച്ചെണ്ണയുടെ ശുദ്ധതാ പരിശോധന എളുപ്പത്തിൽ നടത്താം.
വാഴയിലയ്ക്കും
|പിടിവലി
ഓണമെത്തിയതോടെ വാഴയിലയ്ക്ക് വന്‍ ഡിമാന്‍ഡ്. ചെറിയ ഇലയ്ക്ക് ഒന്നിന് ആറു രൂപയാണ് നിലവിലെ മാര്‍ക്കറ്റുവില. എട്ടു രൂപ ചില്ലറക്കച്ചവടക്കാരും ഈടാക്കുന്നുണ്ട്. ഉത്രാടത്തോടെ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന തേന്വാഴയിലയാണ് സദ്യ വിളമ്പാന്‍ നമ്മുടെ നാട്ടിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്കൂള്‍, കോളജ്, ഓഫീസ് കൂട്ടായ്മകൾ വാഴയിലയെ കാര്യമായി ആശ്രയിക്കുന്നു.
പൂക്കളംകൊണ്ട് അലങ്കരിച്ച വീടുകൾ, ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, സാംസ്കാരിക പരിപാടികൾ, ഓണം മേളകൾ, കഥകളി ഷോകൾ, നൃത്ത പരിപാടികൾ തുടങ്ങിയവ നടക്കുന്നു. എല്ലാം തകൃതിയായി പ്രതിഫലിക്കുന്നുണ്ട് വിപണിയിൽ.