ഓണം വിപണിയില്‍ വിലവര്‍ധന നിയന്ത്രിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന
1589028
Wednesday, September 3, 2025 11:02 PM IST
ആലപ്പുഴ: ഓണം വിപണിയില്‍ അവശ്യസാധനങ്ങളുടെ കമ്പോള വില വര്‍ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം ഏകീകരിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്ത സ്ക്വാഡ് ജില്ലയിൽ ശക്തമായ പരിശോധന തുടരുന്നു.
ഇതുവരെ നടത്തിയിട്ടുള്ള 122 പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രണം ചെയ്യാത്തതും പായ്ക്കറ്റ് ഡിക്ളറേഷന് ഇല്ലാത്തതുമായ 10 സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് നോട്ടീസ് നല്കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത 26 സ്ഥാപനങ്ങള്‍ക്ക് പരിശോധനാ വേളയില്‍തന്നെ ആയത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം നല്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വരും ദിവസങ്ങളിലും ജില്ലാ-താലൂക്ക്തല സംയുക്ത സ്ക്വാഡ് പരിശോധന കര്‍ശനമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മായാദേവി, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.