എന്റെ ഓണം
1589291
Thursday, September 4, 2025 11:40 PM IST
തിരിക്കിന്റെ ദിനം എങ്കിലും
ഈ തിരുവോണദിനം തിരക്കോടു തിരക്കാണ്. സിപിഐയുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയില് എട്ടുമുതല് 12 വരെ നടക്കും. സ്വാഗതസംഘം ചെയര്മാന് കൂടിയായതിനാൽ തിരക്കാണ്. എങ്കിലും ഇന്നു തിരുവനന്തപുരത്തെത്തി കുടുംബാംഗങ്ങളോടൊപ്പം അല്പനേരം ചെലവഴിക്കും. വീണ്ടും സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുള്ള തിരക്കിൽ മുഴുകും.
പി. പ്രസാദ് (മന്ത്രി
തിരക്കുള്ള ദിനം
രാവിലെ സന്ദർശകരെ സ്വീകരിക്കും. തുടർന്ന് വിവിധ സംഘടനകളുടെയും ക്ലബുകളുടെയും ഓണാഘോഷം. ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തും. അമ്മയോടും കുടുംബത്തോടും ഒപ്പം ഓണസദ്യ. ഉച്ചയ്ക്കു ശേഷം ഉദ്ഘാടന പരിപാടികളുണ്ട്. പതിവിലേറെ തിരക്കുള്ള തിരുവോണദിനം.
സജി ചെറിയാൻ (മന്ത്രി)
വലിയ ആഘോഷങ്ങളില്ല
എംഎൽഎ ആകുന്നതിനു മുന്പു തന്നെ ഒാണക്കാലം പാട്ടുകാരി എന്ന നിലയിൽ തിരിക്കുകളുടെ കാലമാണ്. സഹോദരൻ ജോസഫ് പീറ്റർ കഴിഞ്ഞ മാസമാണ് മരിച്ചത്. അതിനാൽ ഈ വർഷം വലിയ ആഘോഷങ്ങൾ ഇല്ല. പതിവുപോലെ ഭർത്താവ് ജോർജ് ജോസഫിന്റെ തൈക്കലെ കാക്കരി വീട്ടിൽ ഒത്തുചേരും. അത്ര മാത്രം.
ദലീമ ജോജോ
എംഎൽഎ, അരൂർ
അമ്മമാർക്കൊപ്പം
എല്ലാവർഷത്തെയും പോലെ ഇത്തവണയും ഓണം എന്റെ അമ്മമ്മാർക്കൊപ്പമാണെന്ന് കുടുംബവീടായ കല്ലിമേൽ വീട്ടിലെ സ്വന്തം അമ്മയ്ക്കും ഭാര്യ സ്നേഹയുടെ മാതാവിനും ഒപ്പം തിരുവോണം ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നത്. സ്വന്തം അമ്മയെ പോലെ തന്നെയാണ് ഭാര്യ മാതാവിനെയും കാണുന്നതെന്നും അതുകൊണ്ടാണ് ഓണം അമ്മമാർക്കൊപ്പം എന്നു പറയുന്നതെന്നും എംഎൽഎ പറഞ്ഞു. പിന്നെ മൂത്തമകൾ പീലിക്കൊപ്പം ഗ്രാംഷി മകൻ കൂടി ഇത്തവണ ഓണാഘോഷത്തിനുള്ള സന്തോഷവും എംഎൽഎ പങ്കുവച്ചു.
എം.എസ്. അരുൺകുമാർ
മാവേലിക്കര എംഎൽഎ
പ്രീസ്റ്റ്ഹോമിൽ
നല്ലോർമകളുടെ ദിനമാണ് ഒാണം. മുതിർന്ന തലമുറയാണ് ആ ഒാർമകൾ സമ്മാനിച്ചിട്ടുള്ളത്. തിരുവോണ ദിവസം രാവിലെ ചങ്ങനാശേരിയിലെ മുതിർന്ന വൈദികരോടൊപ്പം പ്രീസ്റ്റ് ഹോമിലായിരിക്കും. ഉച്ചയ്ക്കു രൂപതാ ആസ്ഥാനത്തു നടക്കുന്ന ലളിതമായ ഓണാഘോഷത്തിലും പങ്കെടുക്കും.
മാർ തോമസ് തറയിൽ
(ആർച്ച്ബിഷപ്, ചങ്ങനാശേരി)
കൊച്ചി ബിഷപ് ഹൗസിൽ
ഓണദിവസമായ ഇന്ന് കൊച്ചി ബിഷപ് ഹൗസിലായിരിക്കും ഓണം ആഘോഷിക്കുക. പതിവ് വിശുദ്ധ കുർബാനയും പ്രാർഥനകളും കൊച്ചി ബിഷപ് ഹൗസ് ചാപ്പലിലും മറ്റും നടക്കും. ചില അടിയന്തര മീറ്റിംഗുകളുമായി ബന്ധപ്പെട്ടുള്ള തിരക്കുള്ളതിനാൽ വീട്ടിൽ പോകുന്നില്ല. ഓണസദ്യയും ഓണാഘോഷവും ലളിതമായി ബിഷപ് ഹൗസിൽ നടക്കും. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നല്ലനാളുകൾ ഓർമപ്പെടുത്തുന്ന ഓണത്തിന്റെ ആശംസകളും വായനക്കാർക്കു നേരുന്നു.
ഡോ. ജയിംസ് റാഫേൽ
ആനാപറമ്പിൽ (ബിഷപ്, ആലപ്പുഴ)
ഗാന്ധിഭവനിൽ
ജനപ്രതിനിധി ആയ ശേഷമാണ് ഓണം കൂടുതലായി ആഘോഷിച്ചത്. ഈ വർഷവും തിരുവേ
ണത്തിനു പുന്നപ്രയിലെ ഗാന്ധിഭവനിലെ അന്തേവാസികളുടെ കൂടെയാണ് ഓണവും സദ്യയും.
- എ.എം. ആരിഫ് (മുൻ എംപി)
പൊതുപരിപാടിയില്ല
ഇന്ന് ഒരു പൊതു പരിപാടിയിലും പങ്കെടുക്കില്ല. രാവിലെ മുതൽ ഫോണിൽ വിളിച്ചും മെസേജ് അയച്ചും എല്ലാവർക്കും ആശംസ നേരും. ഭാര്യ ആലീസ് മാത്രമെ വീട്ടിലുള്ളു. അതിനാൽ ഞങ്ങൾ ഒരുമിച്ച് ഓണസദ്യ കഴിക്കും.
ജേക്കബ് തോമസ് അരികുപുറം
(കേരള കോൺഗ്രസ്-എം നേതാവ്)
വിശേഷപ്പെട്ട ഒാണം
നബിദിനവും തിരുവാണവും ഒന്നിച്ചുവന്നതിന്റെ ഇരട്ടി സന്തോഷം. രാവിലെ മാന്നാറിലും തുടർന്ന് നിരണത്തുമായി മസ്ജിദിലെ പ്രാർഥനയിൽ പങ്കുചേരും. തുടർന്നു വീട്ടിൽ അമ്മയോടും ഭാര്യയോടുമൊപ്പം ഓണസദ്യ. ഉച്ചയ്ക്കു ശേഷം അടുത്ത സുഹൃത്തുകളുടെ വീടു സന്ദർശിക്കും. ക്ലബ്ബുകളുടെ ഒാണപരിപാടികളിൽ പങ്കെടുക്കും.
മാന്നാർ അബ്ദു ൾ ലത്തീഫ്
(കെപിസിസി സെക്രട്ടറി)
പൂക്കളം കാണണം
വേലിയാകുളത്തെ വലിയ പൂക്കളമാണ് എന്നും മനസിലുള്ളത്. തിരുവോണനാളിൽ വീട്ടിൽ ഉണ്ടെങ്കിൽ ഉറപ്പായും ആ പൂക്കളം കാണാൻ പോകും. പൂക്കളത്തിലെ പല നിറങ്ങളുടെ കൂടീച്ചേരൽ പോലെ ഓണത്തിന്റെ കൂടിച്ചേരലിന്റെ സൗന്ദര്യവും.
ഷാഹി കബീർ
(തിരക്കഥാകൃത്ത്, സിനിമാ സംവിധായകൻ)
എത്ര തിരക്കുണ്ടെങ്കിലും
വീട്ടിൽ
എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെത്തുന്ന ദിനം. നമുക്ക് മാത്രമായി കാത്തുവച്ചിരിക്കുന്ന ചില സൗഹ്യദങ്ങളുണ്ട്. എന്തെല്ലാം പരിപാടികൾ ഉണ്ടെങ്കിലും ഓണം വീട്ടുകാരോടൊപ്പമാണ്, നാട്ടിലെ നിഷ്കളങ്ക സൗഹൃദങ്ങളോടൊപ്പമാണ്.
ഉബൈനി (സിനിമാ സംവിധായകൻ)
കുടുംബത്തോടൊപ്പം
ബാല്യകാലത്തെ ഓണം തിരിച്ചു കിട്ടുന്നില്ലല്ലോ എന്ന സങ്കടമുണ്ട്. ചേർത്തല പാണാവള്ളി ഷാലിമാർ വീട്ടിൽ മക്കളും മരുമക്കളും പേരക്കുട്ടികളുമായി സന്തോഷത്തോടെ ഈ ഓണവും ആഘോഷങ്ങളും.
പൂച്ചാക്കൽ ഷാഹുൽ
(സിനിമ,നാടക ഗാനരചയിതാവ്)
ഒാണം ആശരണരോടൊപ്പം
എല്ലാ വർഷത്തെപ്പോലെ എന്റെയും കുടുംബത്തിന്റെയും ഒാണം ശാന്തിഭവനിലെ അശരണരായ മനുഷ്യരോടൊപ്പമാണ്. ഒാണദിനത്തിൽ അവർക്ക് അല്പം സന്തോഷം കൂടുതൽ കൊടുക്കാൻ കഴിഞ്ഞാൽ അതാണ് ഈ ഒാണത്ിതന്റെ സംതൃപ്തി.
മാത്യു ആൽബിൻ
(ട്രസ്റ്റി ശാന്തിഭവൻ പുന്നപ്ര)
ഓണം പലർക്കും പലതാണ്. ചിലർക്ക് സമൃദ്ധി, മറ്റു ചിലർക്ക് കണ്ണീർ. എല്ലാവരുടെയും വികാരങ്ങളോടും ചേർത്തുവച്ചാണ് എന്റെ ഒാണ ആഘോഷം. ശർക്കര വരട്ടി പോലെ മധുരം മാത്രം നല്കി അലിഞ്ഞു പോവുന്ന ഒരു മധുരമിഠായിയാണ് ഒാണം ഒാർമകൾ.ച
ബിനു ദാമോദരൻ
(സംസ്ഥാന ഡോക്യൂമെന്ററി പുരസ്കാര ജേതാവ്)
സമത്വവും സഹോദര്യവും സമൃദ്ധിയും നിറഞ്ഞ സുന്ദരമായ ഒാണദിനത്തിൽ എല്ലാ വർഷത്തെയും പോലെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കും. പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരും.
ജെയ്സപ്പൻ മത്തായി
(പൊതുപ്രവർത്തകൻ)