അനധികൃത പാർക്കിംഗ്; ഗതാഗതം ബുദ്ധിമുട്ടിൽ
1589027
Wednesday, September 3, 2025 11:02 PM IST
ചമ്പക്കുളം: ബസിലിക്ക ബസ് സ്റ്റാ ൻഡിലെ ഓട്ടോ സ്റ്റാൻഡ് പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ. ഇതുകൂടാതെ ബിഎസ്എൻഎൽ ജംഗ്ഷന് തെക്കുഭാഗത്തുള്ള കടയുടെ മുൻപിലെ പാർക്കിംഗും ഗതാഗതം ദുരിതത്തിലാക്കുകയാണ്.
ബസിലിക്ക ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന ഓട്ടോസ്റ്റാൻഡ് പള്ളിപ്പാലവും കടന്ന് ബിഎസ്എൻഎൽ ജംഗ്ഷനിലേക്ക് നീളുമ്പോൾ പൊതുവേ ഇടുങ്ങിയ പൂപ്പള്ളി ചമ്പക്കുളം റോഡ് എന്നും അപകടം നിറഞ്ഞ ഒന്നായി മാറുന്നു. പാലത്തിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾ തമ്മിൽ ഉരസി അപകടം പതിവായി മാറിയിട്ടുണ്ട്. പടഹാരം, കഞ്ഞിപ്പാടം പാലങ്ങൾ ഗതാഗതയോഗ്യമായതോടുകൂടി ഇതുവഴിയുള്ള ഗതാഗതം പതിൻമടങ്ങ് വർധിച്ചിട്ടുണ്ട്.
എസി റോഡിൽനിന്ന് ദേശീയപാതയിലേക്ക് ഈ വഴി കൂടുതൽ സൗകര്യപ്രദമാകയാൽ കൂടുതൽ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതും പള്ളാത്തുരുത്തി പാലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഇതുവഴി ഗതാഗതം തിരിച്ചു വിടുന്നതും പതിവാണ്. സ്കൂൾ ദിവസങ്ങളിൽ ഓട്ടോസ്റ്റാൻഡിന്റെ നീളം കൂടുന്നതനുസരിച്ച് അപകടവും കൂടും.
ബിഎസ്എൻഎൽ ജംഗ്ഷനു സമീപമുള്ള കടയുടെ മുന്നിൽ റോഡിലേക്ക് ഇറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടത്തിനു കാരണമാകുന്നു. ഇടുങ്ങിയതും പടിഞ്ഞാറുനിന്നും കിഴക്കുനിന്നും റോഡുകൾ വന്നുചേരുന്ന ഇവിടെ വാഹനങ്ങൾ പലപ്പോഴും റോഡിൽ തന്നെ പാർക്ക് ചെയ്യുന്നത് വളവുതിരിഞ്ഞ് എത്തുന്ന വാഹനങ്ങൾക്ക് അപകടഭീഷണിയായി മാറിയിട്ടുണ്ട്.
റോഡിന്റെ സൈഡ് ലൈനിന് അകത്ത് റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യാൻ തരത്തിൽ മാത്രമേ ഇവിടെ റോഡിന് വീതി ഉള്ളൂ.
സമീപത്ത് മൂന്നു വിദ്യാലയങ്ങളും പള്ളിയും ബാങ്കും ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് റോഡിലൂടെ സ്കൂൾ ദിവസങ്ങളിൽ സൈക്കിളിലും കാൽനടയായും വിദ്യാർഥികൾക്ക് കടന്നുപോകാനാവാത്ത അപകടകരമായ അവസ്ഥയാണ് നിലവിലുള്ളത്. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവുകയും ഓട്ടോറിക്ഷാ പാർക്കിംഗും വളവുകളിലെ അനധികൃത പാർക്കിംഗും നിയന്ത്രിച്ചില്ലെങ്കിൽ അപകടം ഇവിടെ തുടർക്കഥയാവും.