പൂപ്പള്ളി-ചമ്പക്കുളം റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1588495
Monday, September 1, 2025 11:16 PM IST
ചമ്പക്കുളം: പൂപ്പള്ളി-ചമ്പക്കുളം റോഡിൽ ചമ്പക്കുളം മിൽമാ പാലത്തിന് വടക്ക് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. വെള്ളം ഒഴുകി റോഡിൽ രൂപപ്പെട്ട കുഴിയിൽ വിണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.
നെടുമുടി പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിലേക്ക് പുല്പത്ര പമ്പ് ഹൗസിൽനിന്നു ജലവിതരണം നടത്തുന്ന പൈപ്പാണ് മാസങ്ങളായി പൊട്ടി വെള്ളം പാഴാകുന്നത്. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഈ ലൈനിൽ വെള്ളം വിതരണം നടന്നുവരുന്നത്. ടാർ റോഡിന് നടുവിലായി രൂപപ്പെട്ട പൊട്ടൽ പരിഹരിക്കാൻ വാട്ടർ അഥോറിക്ക് റോഡ് മുറിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു.
അനുമതി ലഭിച്ച് റോഡ് മുറിക്കാനായപ്പോൾ ഒരു ദിവസത്തിലധികം വാഹന ഗതാഗതം നിരോധിക്കാനാവില്ല എന്ന നിബന്ധനയ്ക്ക് മുന്നിൽ നിസഹായനായി മെയിന്റനൻസ് കരാറുകാരൻ. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ എസി റോഡിൽനിന്നു ദേശീയപാതയിലേക്കുള്ള പ്രധാന റോഡായ പൂപ്പള്ളി ചമ്പക്കുളം റോഡിൽ വാഹന ഗതാഗതം പതിവിലും കൂടുതലാണ്.
സാധാരണ ദിവസങ്ങളിൽ പോലും വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന റോഡിൽ ഇപ്പോൾ ഗതാഗതത്തിരക്ക് അതിരൂക്ഷമാണ്. അതുകൊണ്ടുതന്നെ ഒന്നിലധികം ദിവസം റോഡ് ഗതാഗതം തടയാനാവില്ല എന്നതും പ്രധാനമാണ്. നിലവിൽ മൂന്നു മീറ്ററിലധികം ആഴത്തിലാണ് റോഡിന് കുറുകെ ജലവിതരണ പൈപ്പ് കടന്നുപോകുന്നത്.
ഈ പൈപ്പാണ് ഇപ്പോൾ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത്. റോഡ് പൊളിക്കാതെയും ഗതാഗതം തടസപ്പെടുത്താതെയും ജലവിതരണ പൈപ്പ് റോഡിന് വശങ്ങളിലൂടെ സ്ഥാപിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കരാറുകാരൻ.