ബാസ്കറ്റ്ബോളിൽ റഫറി കുപ്പായമണിഞ്ഞ് സഹോദരീസഹോദരന്മാർ
1588503
Monday, September 1, 2025 11:16 PM IST
ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ 50-ാമത് സബ് ജൂണിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കളി നിയന്ത്രിക്കുന്നത് സഹോദരീസഹോദരന്മാർ. സഹോദരങ്ങളായ ആഷിനും ആനും റഫറിമാരായി ബാസ്കറ്റ്ബോൾ കോർട്ടിലേക്ക് സമാനതകളില്ലാത്ത മികവാണ് കൊണ്ടുവരുന്നത്.
അവരുടെ വിസിലുകൾ കൃത്യതയോടെയും അധികാരത്തോടെയും കോർട്ടിൽ മുഴങ്ങുന്നു. നീതിയും കായികക്ഷമതയും പരമപ്രധാനമാണെന്ന് ഉറപ്പാക്കുന്നുണ്ട് കോർട്ടിൽ. അവരുടെ തടസമില്ലാത്ത ആശയവിനിമയവും മൂർച്ചയുള്ള സഹജാവബോധവും കളിക്കാരിൽനിന്നും പരിശീലകരിൽനിന്നും ഒരുപോലെ ബഹുമാനം നേടിക്കൊടുക്കുന്നു.
കെഎസ്ഇബിഎല്ലിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറാണ് ആഷിൻ സേവ്യർ ഫിലിപ്പ്. തിരുവനന്തപുരം ടെക്നോ പാർക്ക് അലയൻസിലാണ് സഹോദരി ആൻ റോസ് ഫിലിപ്പ് ജോലി ചെയ്യുന്നത്. മുൻ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോൾ താരം ആലപ്പുഴ സീവ്യൂ വാർഡ് ജൂബിലി റോഡ് കാട്ടേഴത്ത് അനുഗ്രഹയിൽ അന്തരിച്ച ഫിലിപ്പ് സേവ്യറിന്റെ മക്കളാണ്. ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ ) മുൻ സെക്രട്ടറിയായിരുന്നു ഫിലിപ്പ് സേവ്യർ. പാതിരപ്പളളി ഗവ. യുപി റിട്ട. ഹെഡ്മിസ്ട്രസാണ് പാലാ ഇടമറ്റം അരിമറ്റത്തിൽ കുടുംബാംഗമായ മാതാവ് റോസമ്മ ഫിലിപ്പ്. മറ്റൊരു സഹോദരി: അനു റോസ് ഫിലിപ്പ് (ജർമനി).