ആടിയും പാടിയും കുരുന്നുകളുടെ ഓണാഘോഷം
1588772
Tuesday, September 2, 2025 11:23 PM IST
അമ്പലപ്പുഴ: പതിവ് തെറ്റിക്കാതെ ആടിയും പാടിയും അത്തപ്പൂക്കളമിട്ടും ഓണസദ്യയൊരുക്കിയും കുരുന്നുകളുടെ ഓണാഘോഷം. കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അങ്കണവാടിയിലാണ് ഓണാഘോഷം കാൽനൂറ്റാണ്ട് പിന്നിടുന്നത്. സംസ്ഥാനത്ത് ആദ്യമായി അങ്കണവാടി കുരുന്നുകൾക്ക് യൂണിഫോം ഏർപ്പെടുത്തിയത് ഇവിടെയാണ്. ഓണാഘോഷം കൂടാതെ ക്രിസ്മസ് നവവത്സരാഘോഷവും ശിശുദിന പരിപാടികളും മുടക്കം കൂടാതെ നിറപ്പകിട്ടാർന്ന രീതിയിലാണ് ഇവിടെ ആഘോഷിക്കുന്നത്.
ഇത്തവണത്തെ ഓണാഘോഷവും വേറിട്ടുനിന്നു. പാലടപ്പായസം ഉൾപ്പെടെയുള്ള വിഭവങ്ങളുമായി കുരുന്നുകൾ ഓണസദ്യ ഉണ്ണുന്നത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. ഓണപ്പാട്ടു പാടി ആർത്തുല്ലസിച്ച് കുരുന്നുകൾ നൃത്തച്ചുവടുമൊരുക്കി. കുരുന്നുകൾക്കൊപ്പം രക്ഷാകർത്താക്കൾക്കും ഓണസദ്യ നൽകി. തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വി. ഉത്തമൻ അമ്പലപ്പുഴ, കരുമാടി മോഹനൻ, ചമ്പക്കുളം രാധാകൃഷ്ണൻ അങ്കണവാടി വർക്കർ സൽമ, ഹെൽപ്പർ മേഴ്സി, ജസിമോൾ ജയിംസ്, കെ.എസ്. കൃഷ്ണപ്രീതി എന്നിവർ പങ്കെടുത്തു.