സന്തോഷ് ട്രോഫി ജലോത്സവം നാളെ
1589297
Thursday, September 4, 2025 11:40 PM IST
മാന്നാർ: ചെന്നിത്തല വാഴക്കൂട്ടം കടവ് സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 40-ാമത് സന്തോഷ് ട്രോഫി ജലോത്സവം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെന്നിത്തല വാഴക്കൂട്ടം കടവിൽ നടക്കുന്ന ജലോത്സവത്തിൽ പ്രമുഖ കളി വള്ളങ്ങൾ പങ്കെടുക്കും.
രാവിലെ എട്ടിന് പതാക ഉയർത്തും. ഉച്ചയ്ക്ക് 1.30ന് ക്ലബ്ബ് പ്രസിഡന്റ് എസ്. സേതുലക്ഷ്മി അധ്യക്ഷയാകുന്ന പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ജലോത്സവത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും. ചെന്നിത്തല തൃപ്പരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. എം. മുരളി മാസ്ഡ്രിൽ സല്യൂട്ട് സ്വീകരിക്കും. മന്ത്രി പി. പ്രസാദ്, രമേശ് ചെന്നിത്തല എംഎൽഎ, എച്ച്ആർ പിഎം നാഷണൽ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല എന്നിവർ മുഖ്യ അതിഥികളാകും. മത്സരത്തിലെ വിജയികൾക്ക് കായംകുളം ഡിവൈഎസ്പി ടി. ബിനു കുമാർ സമ്മാനദാനം നിർവഹിക്കും.
ക്ലബ്ബ് ജനറൽ കൺവീനർ ജിനു ജോർജ്, ജലോത്സവ കൺവീനർ തോമസുകുട്ടി, ജനറൽ കൺവീനർമാരായ റോമിയോ, തമ്പി കൗണടിയിൽ, സെക്രട്ടറി ബി. സുനീഷ് കുമാർ, ട്രഷറർ എസ്. രഞ്ജിത്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എസ്. ഇന്ദ്രജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.