പ്രതിസന്ധികളില്ലാത്ത നല്ല നാളേക്കായി പ്രാർഥിക്കണം: ശ്രേഷ്ഠ കാതോലിക്കാ ബാവ
1588493
Monday, September 1, 2025 11:16 PM IST
കായംകുളം: വ്യവഹാരങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു നല്ല നാളേക്കായി പ്രാർഥിക്കാനും പ്രവർത്തിക്കാനും വിശ്വാസികളായ ഏവർക്കും കഴിയണമെന്ന് യാക്കോബായ സുറിയാനിസഭ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു.
കട്ടച്ചിറ മരിയൻ തീർഥാടനകേന്ദ്രത്തിലെ എട്ടുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ച ശേഷം നടന്ന ആദരവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാവ. മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് കട്ടച്ചിറയിൽ നിരന്തരമുണ്ടാവുന്ന തർക്കങ്ങൾ വേദനാജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തണമെന്നും ബെസേലിയോസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു.
പൊതുസമ്മേളനത്തിൽ സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ശ്രേഷ്ഠ ബാവയ്ക്ക് ആദരം അർപ്പിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, സ്ഥിരം സമിതി ചെയർമാൻ ശശിധരൻ നായർ, കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുരേഷ് തോമസ് നൈനാൻ, പള്ളിക്കൽ സുനിൽ, സുഭാഷ് വാസു, വാർഡ് മെമ്പർ എ. തമ്പി, മഞ്ഞാടിത്തറ വിജയൻ, പ്രകാശ്, ജയേഷ്, സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് എൻഡോവ്മെന്റ് വിതരണം നടത്തി. പൗരോഹിത്യ ശുശ്രൂഷയിൽ മുപ്പതുവർഷം പൂർത്തിയാക്കിയ വികാരി ഫാ. റോയി ജോർജ് കട്ടച്ചിറ ദക്ഷിണേന്ത്യയിലെ പ്രായം കുറഞ്ഞ ചിത്രകാരൻ ഏദൻ എൽദോ എന്നിവരെ ആദരിച്ചു.