ജിഎസ്ടി കൗണ്‍സിലിനെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു: മന്ത്രി സജി ചെറിയാന്
1588491
Monday, September 1, 2025 11:16 PM IST
എടത്വ: സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറച്ച് ജിഎസ്ടി കൗണ്‍സിലിനെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ടൂറിസം-സാംസ്കാരിക മന്ത്രി സജി ചെറിയാന്.
സിപിഎം എടത്വ വടക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പിരിച്ചെടുക്കുന്ന ജിഎസ്ടിയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന വിഹിതം വെട്ടിക്കുറച്ചു.
വിദ്യാഭ്യാസ മേഖലയെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 1500 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കാനുണ്ട്. ആരോഗ്യ മേഖലയിലും ലഭിക്കാനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല.
2.50 ലക്ഷം കോടി രൂപ ബജറ്റില്‍ വകകൊള്ളിക്കുന്ന കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് സജി ചെറിയാന് പറഞ്ഞു.
ഭവന നിര്‍മാണ പദ്ധതിയില്‍ 75000 രൂപ കേന്ദ്രം അനുവദിക്കുമ്പോള്‍ പ്രധാന മന്ത്രിയുടെ ഫോട്ടോ വീടിന് മുന്പില് പതിക്കണമെന്നാണ് നിര്‍ദേശം. കേരളത്തില്‍ അത് നടപ്പാക്കില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നോക്കിയാല്‍ മതി. വോട്ടു കൊള്ളയിലൂടെയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. തൃശൂരില്‍ സുരേഷ് ഗോപി ആയിരക്കണക്കിന് കള്ളവോട്ട് ചെയ്യിപ്പിച്ചാണ് വിജയിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്നേഹ വീടിന്റെ താക്കോല്‍ ദാനം സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസർ നിര്‍വഹിച്ചു. കെ.ആര്. ഭഗീരഥന്, സി.കെ. സദാശിവന്, കെ.കെ. ഷാജു, റെജി പി. വര്‍ഗീസ്, എസ്. അജയകുമാര്‍, വര്‍ഗീസ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.