നാടും നഗരവും ഉത്രാടപ്പാച്ചിലിൽ
1589037
Wednesday, September 3, 2025 11:02 PM IST
ആലപ്പുഴ: ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്നു നാടും നഗരവും. ഇന്നു വീഥികൾ തിങ്ങി നിറയും. വിപണികളിൽ തിരക്കേറും. സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾ വാങ്ങാനും ആളുകൾ തിരക്കിട്ടിറങ്ങുന്ന ദിനം. ദൂരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ വീടുകളിലേക്കു മടങ്ങാൻ തിരക്കുകൂട്ടുന്ന ദിനം.
ഉത്രാടപ്പാച്ചിൽത്തന്നെ ഒാണത്തിന്റെ കൗതുകകരമായ കാഴ്ചകളിലൊന്നാണ്. വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങൾക്കു സമാപനം കുറിച്ചു നാളെ പുലർച്ചെ ഓണത്തപ്പനെ വരവേൽക്കാൻ കുരുത്തോലയും തുമ്പപ്പൂവും തെങ്ങിൻ പൂക്കുലയും വാഴയിലകളും ഓണത്തപ്പന്മാരുമെല്ലാം ലഭിക്കുന്ന ഗൃഹാതുര ഓണവിപണിയാകും ഇന്ന്. ചട്ടിയും കലങ്ങളും നാഴിയും ഇടങ്ങഴിയും പറകളും പീഠങ്ങളും എല്ലാം ഈ കച്ചവടക്കാഴ്ചയിലെ ദൃശ്യങ്ങളാകും.
നിറയെ വിരിഞ്ഞ്
പൂവിപണി
കഴിഞ്ഞ നാലു വർഷത്തിൽനിന്നു വ്യത്യസ്തമായി പൂവിപണി ഇത്തവണ വിപുലം. മഴയെപ്പേടിച്ചു പലേടത്തും ഷെഡുകൾ കെട്ടിയാണ് കച്ചവടം. ഇന്നലെ പൂവിപണിയിൽ നല്ല തിരക്കായിരുന്നു. ജമന്തി കിലോഗ്രാം 150 രൂപ മുതൽ മുകളിലേക്കായിരുന്നു വില.
എല്ലാ പൂക്കളും കൂടിയുള്ള പ്രത്യേക കിറ്റും വിൽക്കുന്നുണ്ട്, വില 100 രൂപ. ചുവന്ന അരളിക്കാണു ജനപ്രീതിയേറെ. വീടുകളിൽ പൂക്കളം ഒരുക്കാൻ പൂ വാങ്ങുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു.
കോളജുകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ പൂക്കളമൊരുക്കാൻ വലിയ തോതിൽ പൂ വാങ്ങുന്നതാണു വിപണിയെ ചലിപ്പിക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. പൂക്കൾ ലാഭത്തിൽ വാങ്ങാനായി തോവാളയിലേക്കു നേരിട്ടു പോകുന്ന കച്ചവടക്കാരുമുണ്ട്.
വഴിയോരക്കച്ചവടവും തകൃതി
നഗരത്തിലും പുറത്തുമുള്ള വ്യാപാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മുല്ലയ്ക്കൽ, കലവൂർ മാർക്കറ്റുകൾ ഇന്ന് ഉത്രാടത്തിരക്കിലമരും. പ്രധാന വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ വഴിയോരക്കച്ചവടവും തകൃതിയാണ്. ഇന്നലെ വൈകുന്നേരം മാനം കറുത്തത് വ്യാപാരികൾക്കും മറ്റും തെല്ല് ആശങ്ക ഉയർത്തിയിട്ടുണ്ട്. മാളുകൾ ഉത്രാടപ്പാച്ചിലിന്റെ ഒരു കേന്ദ്രമാകുന്ന പുതിയ പ്രവണതയും ഇപ്പോൾ കണ്ടുവരുന്നുണ്ട്.
ജില്ലയിലെ പ്രധാന വിപണിയായ മുല്ലയ്ക്കലിൽ വൻതോതിൽ പച്ചക്കറികളും പൂക്കളും എത്തിക്കഴിഞ്ഞു.
സദ്യയ്ക്കുള്ള ഇലയ്ക്കും മാർക്കറ്റിൽ ആവശ്യക്കാരേറെ. പണ്ട് നാട്ടിൻപുറങ്ങളിൽ ധാരാളമായി വാഴക്കൃഷി ഉണ്ടായിരുന്നതിനാൽ വാഴയില സുലഭമായിരുന്നു. എന്നാൽ, ഇന്ന് ഇവയും വരവിനങ്ങളുടെ പട്ടികയിലായി.
കനത്ത സുരക്ഷ
തിരക്കു കണക്കിലെടുത്തു കനത്ത സുരക്ഷയും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. തിരക്കിനിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി പ്രധാന നഗരങ്ങളിലെല്ലാം പോലീസ് വ്യാപാരികളുടെ സഹായത്തോടെ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്.
ഓണക്കിറ്റ് വിതരണം
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെയും ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു. കിടപ്പുരോഗികൾക്ക് വീടുകളിൽ കൊണ്ടുപോയാണ് നൽകിയത്. ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ജെ. വെങ്കിടാചലം അധ്യക്ഷത വഹിച്ചു. നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് അഡ്വൈസർ ബേബി കുമാരൻ, ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ഡോ. സിന്ധു ആസാദ് ബാബു, റോട്ടറി ക്ലബ് ഡയറക്ടർമാരായ പി.വി. മാത്യു, എസ്. അനിൽകുമാർ, ജോസഫ് ആന്ധ്ര പാർ, ഹരൻ ബാബു, സോളമൻ വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
തകൃതാളം
അമ്പലപ്പുഴ: നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) എംപ്ലോയീസ് യൂണിയൻ തകൃതാളം എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം എച്ച്. സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വീണാ വർഗീസ് അധ്യക്ഷയായി.
സഹൃദയിൽ
ഓണാഘോഷം
ആലപ്പുഴ: നന്മയുടെ സന്ദേശം നൽകി സഹൃദയ ആശുപത്രിയിൽ ഓണാഘോഷം നടത്തി. അശരണരായവർക്ക് അന്നമായി മാറുന്ന രീതിയിൽ അരിയും പയർവർഗങ്ങളും പലവ്യഞ്ജനങ്ങളും കൊണ്ട് അലങ്കരിച്ച അത്തപ്പൂക്കള മത്സരമായിരുന്നു സഹൃദയ കുടുംബം ക്രമീകരിച്ചിരുന്നത്. ഓണത്തിന്റെ ഓർമകൾ മനസിൽ സൂക്ഷിക്കാൻ ഒരുമയുടെ ഓണപ്പൂക്കളം സ്നേഹത്തിന്റെ കൈത്താങ്ങായി മാറുകയും ചെയ്തു.