ഓണം വിപണി ഉദ്ഘാടനത്തിന് അപ്രതീക്ഷിത അതിഥിയായി മന്ത്രി
1589031
Wednesday, September 3, 2025 11:02 PM IST
മാങ്കാംകുഴി: തഴക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണസമൃദ്ധി പഴം-പച്ചക്കറി വിപണിയുടെ ഉദ്ഘാടനത്തിന് അപ്രതീക്ഷിത അതിഥിയായി മന്ത്രി ജെ. ചിഞ്ചുറാണി എത്തി. കോട്ടയത്ത് ഒരു പരിപാടിക്കായി തഴക്കരയിലൂടെ കടന്നുപോയതായിരുന്നു മന്ത്രി. എം.എസ്. അരുൺകുമാർ എംഎൽഎയുടെ അഭ്യർഥനയെത്തുടർന്ന് മന്ത്രി വാഹനം നിർത്തി തഴക്കര കൃഷിഭവന്റെ പഴം-പച്ചക്കറി വിപണിയുടെ ഉദ്ഘാടനം കൊച്ചാലുംമൂട്ടിൽ നിർവഹിച്ചു.
കർഷകരിൽനിന്ന് പത്തു ശതമാനം വില കൂട്ടി ശേഖരിക്കുന്ന പച്ചക്കറി വിപണി വിലയേക്കാൾ മുപ്പതു ശതമാനം വില കുറച്ചാണ് വിറ്റഴിക്കുന്നതെന്നും കർഷകർക്ക് നല്ല വില നൽകുന്നതോടൊപ്പം സാധാരണക്കാരനും ഇടത്തരക്കാരനും ഓണം ബുദ്ധിമുട്ടില്ലാതെ ആഘോഷിക്കാനാണ് വിപണിയിലുള്ള ഇടപെടലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യവില്പന എം.എസ്. അരുൺകുമാർ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, തഴക്കര കൃഷി ഓഫീസർ അനഘ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.