ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: ആലപ്പുഴയും കോഴിക്കോടും ജേതാക്കൾ
1588770
Tuesday, September 2, 2025 11:23 PM IST
ആലപ്പുഴ: മെഡിവിഷൻ സ്പോൺസർ ചെയ്ത ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ട്രോഫിക്കുള്ള 50-ാമത് സബ് ജൂണിയർ കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയും കോഴിക്കോടും ജേതാക്കളായി. കോഴിക്കോടും എറണാകുളവുമാണ് റണ്ണേഴ്സ് അപ്പ്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനൽസിൽ ആലപ്പുഴ, കോഴിക്കോടിനെയാണ് പരാജയപ്പെടുത്തിയത്. (67-48). എറണാകുളം, കോട്ടയത്തെ തോൽപ്പിച്ചു വെങ്കലം നേടി. (53-52). പെൺകുട്ടികളുടെ ഫൈനൽസിൽ കോഴിക്കോട്, എറണാകുളത്തെ പരാജയപ്പെടുത്തി. (69-18). മലപ്പുറം, തൃശൂരിനെ തോൽപ്പിച്ചു വെങ്കലം കരസ്ഥമാക്കി. (38-26).
പുന്നപ്ര കപ്പക്കട ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസം നീണ്ട ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിൽ കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ ചെയർമാൻ പുരയ്ക്കൽ ജേക്കബ് ട്രോഫികൾ വിതരണം ചെയ്തു. എച്ച്. സലാം എംഎൽഎ, ആലപ്പുഴ രൂപത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഫാ. നെൽസൺ തൈപ്പറമ്പിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു.
എഡിബിഎ പ്രസിഡന്റ് റോണി മാത്യു, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ട്രഷറര്‍ ജെയിൻ ജോസ്, പ്രിൻസിപ്പൽ സെൻ കല്ലുപുര, മെഡിവിഷൻ മാനേജിംഗ് ഡയറക്ടർ ബിബു പുന്നൂരാൻ, കെബിഎ ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി, ഷിഹാബ് നീരുങ്കൽ, പി.സി. ആന്റണി, സ്കൂൾ ഡയറക്ടർ സിസ്റ്റർ കല സാംസൺ തുടങ്ങിയവർ പങ്കെടുത്തു.