എല്ലാവർക്കും തിരുവോണം; കർഷകർക്കും അധ്യാപകർക്കും കണ്ണീരോണം
1589029
Wednesday, September 3, 2025 11:02 PM IST
ചമ്പക്കുളം: എല്ലാവരും ഒാണം ആഘോഷിക്കുന്പോൾ ഉത്രാടവും ഒാണവും ആഘോഷിക്കാൻ കഴിയാത്ത രണ്ടു വിഭാഗമുണ്ട് നാട്ടിൽ, പ്രത്യേകിച്ച് കുട്ടനാട്ടിൽ. ഒരു കൂട്ടർ കർഷകർ, രണ്ടാമത്തെ വിഭാഗം നിയമനം അംഗീകരിച്ചു കിട്ടാത്ത അധ്യാപകർ.
വിളയിച്ചെടുത്ത നെല്ല് സർക്കാർ ഏജൻസിക്കു കൊടുത്തിട്ടു വില കിട്ടാനായി പാഡി ഓഫീസിലും ബാങ്കുകളിലും മാസങ്ങളായി കയറിയിറങ്ങുകയാണ് കർഷകർ. 2019 മുതൽ നിയമനം ലഭിച്ചിട്ടും ശമ്പളം അംഗികരിച്ച് ലഭിച്ചിട്ടില്ലാത്ത സ്കൂൾ അധ്യാപകരാണ് ഈ ഒാണത്തിന്റെ മറ്റൊരു കണ്ണീർക്കാഴ്ച.
വികസിത രാജ്യങ്ങളിൽ അടക്കം കർഷകരെയും അധ്യാപകരെയും ആദരവോടെ ഉൾക്കൊള്ളുന്പോൾ , കർഷകരെയും അധ്യാപകരെയും വളരെ മോശമായിട്ടാണ് കേരളത്തിൽ കൈകാര്യം ചെയ്യുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാലിയായ പോക്കറ്റ്
മദ്യം വിറ്റ് സമൂഹത്തിന്റെ ആരോഗ്യം നശിപ്പിച്ച് അതുവഴി വരുമാനമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഒരു ലക്ഷത്തിലധികം രൂപ ബോണസ് നൽകുന്ന സമൂഹത്തിലാണ് കർഷകരും അധ്യാപകരും അവകാശപ്പെട്ട പ്രതിഫലത്തിനായി അനിശ്ചിതമായി കാത്തിരിക്കുന്നത്. കടം വാങ്ങി കൃഷി ചെയ്തവരും കാലങ്ങളായി പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നവർക്കും ഇതു കണ്ണീരോണമാണ്.
നെല്ലിന്റെ വിലയ്ക്കു വേണ്ടി കർഷകർ കയറിയിറങ്ങുന്ന ഒാഫീസുകളിലെല്ലാം ഒാണാഘോഷ തിരക്കിലായിരുന്നു. കാലിയായ പോക്കറ്റുമായി ഉത്രാടപ്പാച്ചിൽ ദിനം നിരാശയോടെ തള്ളിനീക്കാൻ മാത്രമേ ഇവർക്കു കഴിയുന്നുള്ളൂ. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചവകയിൽ ഇനിയും 232 കോടി രൂപ കൊടുത്തു തീർക്കാനുണ്ടെന്നു സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും കൊടുത്തുതീർക്കാൻ ക്രമീകരണമില്ല.
കരുണയില്ലാത്ത
നിലപാട്
സർക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം അംഗീകാരം കിട്ടാത്ത അധ്യാപകരാണെങ്കിൽ ഓണം ആഘോഷിക്കണമെങ്കിൽ അധ്യാപക ജോലി കഴിഞ്ഞുള്ള സമയത്തു മറ്റ് ജോലി കണ്ടുപിടിക്കേണ്ട ദയനീയ അവസ്ഥയിലാണ്. ഈ തിരുവോണ ദിനം അധ്യാപക ദിനം കൂടിയായിട്ടും അധ്യാപകർക്കു കണ്ണീരാണ് മിച്ചം.
കുട്ടനാട്ടിലെ ഭൂരിപക്ഷം സ്കൂളുകളും ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന് കീഴിലുള്ളവയാണ്. ഒരു നൂറ്റാണ്ടിലധികമായി കുട്ടനാട്ടിലെ വിദ്യാഭ്യാസ കാര്യങ്ങളിൽ നേതൃത്വം നല്കുന്നത് ഈ സ്കൂളുകളാണ്. കുട്ടനാട്ടിലെ വിവിധ സ്കൂളുകളിലായി നൂറ് കണക്കിന് അധ്യാപകരാണ് 2019 മുതലുള്ള നിയമന അംഗികാരം ലഭിക്കാതെ വലയുന്നത്. കോർപറേറ് മാനേജ്മെന്റിനു കീഴിൽ അഞ്ചു ജില്ലകളിലായുള്ള 110 സ്കൂളുകളിൽ 37 സ്കൂളുകളും കുട്ടനാട്ടിലാണ്.