മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീപിടിച്ചു ; അപകടം പാചകവാതകം ചോർന്ന്
1589036
Wednesday, September 3, 2025 11:02 PM IST
ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ പാചകവാതകം ചോർന്ന് വള്ളത്തിന് തീപിടിച്ചു. ആറാട്ടുപുഴ കള്ളിക്കാട് വലിയപറമ്പിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യനക്ഷത്രം വള്ളത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഏഴരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് കടലിൽ വച്ചായിരുന്നു അപകടം. സിലിണ്ടർ അടുപ്പുമായി ബന്ധിപ്പിക്കുന്ന പൈപ്പിലാണ് തീ പിടിച്ചത്. കാറ്റുള്ളതിനാൽ പെട്ടെന്ന് തന്നെ ആളിപ്പടർന്നു. സ്രാങ്ക് ഇരിക്കുന്ന ക്യാബിനുള്ളിലേക്കും തീ പടർന്നതോടെ തൊഴിലാളികൾ പരിഭ്രാന്തരായി.
വെള്ളം പമ്പ് ചെയ്തെങ്കിലും അണയ്ക്കാൻ കഴിഞ്ഞില്ല. വള്ളത്തിൽ ഉണ്ടായിരുന്ന ഓയിലുകൾക്കും തീ പിടിച്ചതോടെ കത്തലിന്റെ വ്യാപ്തി കൂടി. അന്തരീക്ഷമാകെ കറുത്ത പുകനിറഞ്ഞു. സിലിണ്ടറിന്റെ അടുത്തെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഒടുവിൽ ഉടമ രാജു മീൻ നിറച്ച കുട്ടകൾ വള്ളത്തിൽനിന്നു കരയിലേക്ക് ഉയർത്താൻ ഉപയോഗിക്കുന്ന കൊളുത്തുള്ള നീളമുളള കമ്പി കൊണ്ട് സിലിണ്ടർ വലിച്ചുമാറ്റി ഓഫ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
വയർലെസ് സെറ്റ്, ജിപിഎസ് സംവിധാനം, എക്കോ സൗണ്ടർ, കാമറ തുടങ്ങിയ ഉപകരണങ്ങൾ കത്തിനശിച്ചു.
വള്ളത്തിനും വലയ്ക്കും കേടുപാടുണ്ടായി. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.