അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം; കുരുക്ക് പരിഹരിക്കാന്‍ നടപടി വേണം: കെ.സി. വേണുഗോപാല്‍
1589294
Thursday, September 4, 2025 11:40 PM IST
തുറവൂർ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍ ജംഗ്ഷന് മുതല്‍ തുറവൂർ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഇക്കാര്യമാവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റി ചെയർമാന് കത്തു നൽകിയ എംപി ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് നിർദേശം നൽകി.
ഓണത്തിരക്ക് കൂടിയായതോടെ അരൂര്‍ ക്ഷേത്രം, ബൈപാസ് കവല മുതല്‍ അരൂക്കുറ്റി, ചന്തിരൂര്‍ എന്നിവിടങ്ങളിലെത്താന്‍ രണ്ടുമണിക്കൂറോളം സമയമാണെടുക്കുന്നത്. അഞ്ചാമത്തെ റീച്ചായ അരൂര്‍ ക്ഷേത്രം കവല മുതല്‍ അരൂര്‍ ബൈപാസ് കവല വരെ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്.
ലോഞ്ചിംഗ് ഗാന്‍ട്രി സ്ഥാപിക്കാന്‍ ഇരുവശങ്ങളിലും റെയിലുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ നാലുവരിപ്പാതയില്‍ ഇരുവശങ്ങളിലും റോഡിന്റെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിനു കാരണം.ആവശ്യത്തിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതും പൊതുജനങ്ങളെ വലയ്ക്കുന്നുണ്ട്. ഓണത്തിരക്കുകള്‍ വര്‍ധിച്ചതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്.
സമാന്തര റോഡുകളിൽ കൂടി ഗതാഗതം തിരിച്ചുവിട്ട് യാത്രാദുരിതം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ജില്ലാ കളക്ടറോടും ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിന് ഗതാഗത പുനഃക്രമീകരണം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോടും എംപി ആവശ്യപ്പെട്ടു.