ഈ ഇരുമ്പ് ചങ്ങാടത്തിൽ നിറയെ ദുരിതം
1588763
Tuesday, September 2, 2025 11:23 PM IST
ഹരിപ്പാട്: നീണ്ട കാലത്തെ കാത്തിരിപ്പിനും പ്രതിസന്ധികൾക്കും ശേഷം നിർമാണം പുനരാരംഭിച്ച കരുവാറ്റ- നെടുമുടി കുറിച്ചിക്കൽ പാലത്തിന്റെ ആദ്യ കരാറുകാരുടെ അനാസ്ഥ നാട്ടുകാർക്കു വിനയാകുന്നു. പാലത്തിന്റെ നിർമാണ വസ്തുക്കൾ എത്തിക്കാനായി ഉപയോഗിച്ച ഇരുമ്പ് ചങ്ങാടം കുറിച്ചിക്കൽ പള്ളിക്കു മുന്നിലുള്ള ബോട്ട് ജെട്ടിക്കു സമീപം ഉപേക്ഷിച്ചു പോയതാണ് ശല്യമായി മാറിയിരിക്കുന്നത്. ഇതു ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി അടുപ്പിക്കാൻ തടസമായി കിടക്കുകയാണ്. ഇതുമൂലം അപകടങ്ങളും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
പാലം നിർമാണത്തിന് ആദ്യം കരാർ ഏറ്റെടുത്ത കമ്പനിയുടേതായിരുന്നു ചങ്ങാടം. ഇവരുടെ വീഴ്ച മൂലം കരാർ റദ്ദാക്കുകയായിരുന്നു. പിന്നീട് മറ്റൊരു കമ്പനി പാലം പണി ഏറ്റെടുത്തങ്കിലും ചങ്ങാടം ഇതുവരെ ഇവിടെനിന്നു മാറ്റിയിട്ടില്ല. നിലവിൽ കാടുകയറിയ നിലയിലാണ് കിടക്കുകയാണിത്.
ഇതുമൂലം ബോട്ട് ജെട്ടിയിലേക്കു വള്ളങ്ങളും ബോട്ടുകളും ശരിയായ രീതിയിൽ അടുപ്പിക്കാൻ കഴിയുന്നില്ല. ജില്ലാ കളക്ടർക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. എന്തെങ്കിലും കാര്യമായ അപകടം നടന്നാൽ മാത്രമേ നടപടി വരികയുള്ളോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
നിർമാണം, അനിശ്ചിതത്വം
2016ൽ 28.25 കോടി രൂപ ചെലവിൽ തുടങ്ങിയ നിർമാണം തൊഴിൽ തർക്കങ്ങൾ, പ്രളയം, കരാർ കമ്പനിയുടെ വീഴ്ച തുടങ്ങിയ കാരണങ്ങളാൽ പലതവണ നിലച്ചിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം പണി പൂർണമായി നിലച്ചു. കന്പനിയുടെ അനാസ്ഥ കണക്കിലെടുത്ത് കരാർ റദ്ദാക്കി.
260 മീറ്റർ നീളമുള്ള കുറിച്ചിക്കൽ പാലത്തിന് ഒൻപത് സ്പാനുകളാണുള്ളത്. ഇതിൽ ഏഴെണ്ണത്തിന്റെ പണി മാത്രമാണ് പൂർത്തിയായത്. രണ്ട് സ്പാനുകളുടെയും അപ്രോച്ച് റോഡിന്റെയും നിർമാണമാണ് ബാക്കിയുള്ളത്. കരാർ റദ്ദാക്കിയ ശേഷം നാലു തവണ ടെൻഡർ വിളിച്ചങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. പിന്നീട് 12 കോടി രൂപകൂടി അധികമായി അനുവദിച്ചു പുനർ ടെൻഡർ വിളിക്കുകയും കുറഞ്ഞ തുക വച്ച വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു കരാർ നൽകുകയുമായിരുന്നു.
പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റർ നീളമുള്ള ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള സ്പാനും 23. മീറ്റർ നീളമുള്ള പ്രീ സ്ട്രെസ്ഡ് വോയ്ഡ് സ്ലാബും ഇരുകരകളിലും അപ്രോച്ച് റോഡുമാണ് ചെയ്യേണ്ടത്.
ഒരു നാടിന്റെ സ്വപ്നം, യാത്രാദുരിതം
കരുവാറ്റയിലെ ഒറ്റപ്പെട്ട തുരുത്തായ കാരമുട്ടിലെ ജനങ്ങൾക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമാകും ഈ പാലം. നിലവിൽ, ലീഡിംഗ് ചാനൽ കടക്കാനായി എസ്എൻ കടവിലെ ജങ്കാറിനെയും കുറിച്ചിക്കൽ കടവിലെ കടത്തുവള്ളങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഇവർ. ഇരുചക്രവാഹനങ്ങൾ പോലും പലകയിട്ട് വള്ളത്തിൽ കയറ്റിയാണ് മറുകരയെത്തിക്കുന്നത്. മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ ഈ യാത്ര അതീവ സാഹസികമാണ്. സമയത്തിനു ചികിത്സ ലഭിക്കാതെ ആളുകൾ മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
കാരമുട്ടിലെ രണ്ട് എൽപി സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾ പോലും അപകടകരമായ സാഹചര്യത്തിലാണ് യാത്ര ചെയ്യുന്നത്. ആരാധനാലയങ്ങൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയും ഈ കടത്തുവള്ളങ്ങളെ ആശ്രയിച്ചാണ്.
ഏകദേശം 40 വർഷം മുൻപ് വിഭാവനം ചെയ്ത നെടുമുടി-കരുവാറ്റ റോഡിന്റെ പ്രധാന ഭാഗമാണ് കുറിച്ചിക്കൽ പാലം. കുട്ടനാട്ടിലെ കാർഷിക, ടൂറിസം മേഖലകൾക്കു വലിയ സാധ്യതകൾ നൽകുന്ന പാതയായിട്ടാണ് ഇതു വിഭാവനം ചെയ്തത്.
2025 ജനുവരിയിലാണ് വീണ്ടും പാലത്തിന്റെ പണി പുനരാരംഭിച്ചത്. പുതുവർഷത്തിൽ നിർമാണം പൂർത്തിയാക്കി പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.
പുതുവർഷ സമ്മാനം
ജനങ്ങൾക്കു പുതുവർഷ സമ്മാനമായിരിക്കും കുറച്ചിക്കൽ പാലം. 2016ൽ തുടങ്ങിയെങ്കിലും ആദ്യ കരാർ റദ്ദാക്കേണ്ടി വന്നു. തുക കൂടുതൽ അനുവദിച്ചു പുനർ ടെൻഡർ വിളിച്ചാണ് ഇപ്പോഴത്തെ കരാർ നൽകിയത്. അതിവേഗം പണികൾ പുരോഗമിക്കുകയാണ്. പുതുവർഷത്തിൽ പൊതുജനങ്ങൾക്കായി പാലം തുറന്നു കൊടുക്കും.
- രമേശ് ചെന്നിത്തല
ഏഴു വർഷമായി ഇവിടെ കിടക്കുന്ന ഈ ചങ്ങാടം വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കടവിൽ വള്ളങ്ങൾ അടുപ്പിക്കാൻ നന്നേ പ്രയാസമാണ്. ഈ ഇരുമ്പ് ചങ്ങാടം മാറ്റാൻ എംഎൽഎയ്ക്കും കളക്ടർക്കും അടക്കം പരാതിയിൽ നൽകിയിരുന്നു. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
സിബി വർഗീസ്
(നാട്ടുകാരൻ)