പോലീസിന്റെ അന്വേഷണമികവ് അബുബക്കറിന് തുണയായി
1588499
Monday, September 1, 2025 11:16 PM IST
അമ്പലപ്പുഴ: പുറക്കാട് ഒറ്റപനയിൽ തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതക കുറ്റത്തിൽനിന്നു അബുബക്കറിനെ ഒഴിവാക്കാനായത് പോലീസിന്റെ അന്വഷണമികവ്. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട് അബൂബക്കർ (68) ആണ് കൊല നടത്തിയതെന്നതായിരുന്നു അമ്പലപ്പുഴ പോലീസിന് ആദ്യം മനസിലാക്കാനായത്.
താനുമായി അടുപ്പത്തിലായിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കടുത്ത ശ്വാസതടസം ഉണ്ടായിരുന്ന വയോധിക അങ്ങനെ മരിച്ചതെന്ന് കരുതിയാണ് അബുബക്കര്‍ പോലീസിനോട് കുറ്റം സമ്മതിച്ചത്. ഇതാണ് മരണകാരണത്തിനു പിന്നില്‍ അബുബക്കര്‍ ആയിരിക്കുമെന്ന സംശയം പോലീസിനും ഉണ്ടായത്.
അയാള്‍ തന്നെ കുറ്റം സമ്മതിച്ചെങ്കിലും ഇതില്‍ പോലീസിന് ബലമായ സംശയം ഉണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണം മറ്റ് പലരിലേക്കും തിരിയുന്നത്. നഷ്ടപ്പെട്ട മൊബൈലിനെക്കുറിച്ച് അബുബക്കറിനെ ചോദ്യം ചെയ്തെങ്കിലും യാതൊരുതുമ്പും ലഭിച്ചില്ല. അബുബക്കര്‍ റിമാൻഡിലായെങ്കിലും പോലീസിന്റെ അന്വേഷണം മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചായിരുന്നു.
അതിന്റെ പിന്നാലെ ഉറക്കമില്ലാത്ത അന്വേഷണത്തിലായിരുന്നു പോലീസ്. വയോധികയുടെ നഷ്ടപ്പെട്ട മൊബൈൽ കേന്ദ്രീകരിച്ചുള്ള നിരീക്ഷണത്തിലാണ് യഥാർഥ പ്രതികളെ വലയിലാക്കാനായത്. കൊല നടന്ന് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ വലയിലാക്കാനുമായി. മൊബൈൽ ഏതു സമയത്തും ഓണാക്കാനിടയുണ്ടെന്ന പോലീസിന്റെ നിഗമനം കൊലയാളിലേക്ക് എത്താനുള്ള വഴിത്തിരിവായി.
പ്രതീക്ഷിച്ചപോലെ രാത്രിയോടെ കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ മൊബൈൽ പ്രവർത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഒട്ടും വൈകാതെ തന്നെ യഥാർഥ പ്രതിയിലേക്ക് അന്വേഷണം എത്താനുമായി. തുടർന്നാണ് പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ -44), ഭാര്യ അനീഷ(38) എന്നിവരെ പിടികൂടിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇരുവരും കൊലപാതക കുറ്റം സമ്മതിക്കുന്നത്. കഴിഞ്ഞ 17 നാണ് പുറക്കാട് തനിച്ച് താമസിക്കുകയായിരുന്ന വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 16ന് രാത്രി അകത്തുകടന്ന് വയോധികയുടെ പണവും സ്വർണവും മോഷ്ടിക്കാനാണ് സൈനുലാബ്ദീനും അനീഷയും ശ്രമിച്ചത്.
മോഷണശ്രമത്തിനിടെ റംലത്ത് ഇരുവരെയും കണ്ടതിനാൽ പിന്നീട് തിരിച്ചറിയുമെന്ന് കരുതി വയോധികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. സ്വർണമോ പണമോ കാണാതിരുന്നതിനാൽ കൈയിൽ കിട്ടിയ മൊബൈലുമായി കടന്നുകളയുകയായിരുന്നു. പിന്നീട് മൊബൈൽ ഓഫാക്കിവച്ചു. അടുത്ത ദിവസം മൊബൈൽ കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ പ്രവർത്തന സജ്ജമായതോടെയാണ് ദമ്പതികൾ പിടിയിലാകുന്നത്.
പ്രതികളുടെ
തെളിവെടുപ്പ്
അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി.
ഒന്നാം പ്രതി സൈനുലാബ്ദീന്, ഭാര്യ അനീഷ എന്നിവരെയാണ് വയോധികയുടെ പുറക്കാടുള്ള വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സ്ത്രീയുടെ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയില്‍നിന്നു കണ്ടെടുത്തു. പ്രതികള്‍ ഊരിമാറ്റിയ ഫോൺ സിമ്മും പോലീസ് കണ്ടെടുത്തു. വേണ്ടിവന്നാല്‍ വീണ്ടും തെളിവെടുപ്പ് നടത്താന്‍ കസ്റ്റഡിയില്‍ വാങ്ങും.