അശാസ്ത്രീയ ഓടനിർമാണം: നാട്ടുകാരും യാത്രക്കാരും വലയുന്നു
1588494
Monday, September 1, 2025 11:16 PM IST
അന്പലപ്പുഴ: അശാസ്ത്രീയമായ ഓടനിർമാണം മൂലം നാട്ടുകാരും യാത്രക്കാരും വലയുന്നു. ആശുപത്രിയിലേക്കുള്ള യാത്രയും തടസപ്പെട്ടു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് കിഴക്കുഭാഗത്താണ് ദേശീയപാതയോട് ചേർന്ന് അശാസ്ത്രീയമായ രീതിയിൽ ഓട നിർമിക്കുന്നത്. ഓട നിർമാണത്തിനായി വഴി കെട്ടിയടച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു.
തുടക്കത്തിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്കും സമീപത്തെ കടകളിലേക്കും പോകാൻ ഒരു നടവഴി പോലുമില്ലായിരുന്നു. തുടർന്ന് വ്യാപാരികൾ സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് ഇതിലേക്ക് ഒരു നടവഴി നിർമിച്ചത്.
ഇപ്പോൾ ഇരുചക്രവാഹനം മാത്രമാണ് ബുദ്ധിമുട്ടി ഇതിലേ സഞ്ചരിക്കുന്നത്. ദേശീയപാതയ്ക്കരികിലെ രണ്ടു വൈദ്യുത പോസ്റ്റുകൾ മാറ്റാതെയാണ് ഇവിടെ നാട്ടുകാരെയും യാത്രക്കാരെയും വലച്ച് ഓടനിർമിക്കുന്നത്. നേരത്തെ ദേശീയ പാതയിൽനിന്ന് രണ്ടു മിനിറ്റ് കൊണ്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെത്താമായിരുന്നു. ഇപ്പോൾ പ്രധാന കവാടത്തിലൂടെ ചുറ്റിവേണം സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെത്താൻ.
ഒരാൾക്ക് കഷ്ടിച്ചു നടന്നുപോകാനുള്ള സൗകര്യമാണ് ഈ വഴിക്കുള്ളത്. കൂടാതെ ഓട നിർമാണം പൂർത്തിയായാലും പടിഞ്ഞാറ് നിന്നുള്ള വെള്ളം സുഗമമായി കിഴക്കോട്ട് ഒഴുകുന്ന തരത്തിലല്ല ഓടനിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വെള്ളമൊഴുകാൻ ഇനി പ്രത്യേക തൂമ്പ് നിർമിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രാദേശിക ഭരണകൂടവുമായി പോലും യാതൊരു കൂടിയാലോചനയുമില്ലാതെ ആരംഭിച്ച ഓട നിർമാണത്തിന്റെ ദുരിതം ഇനിയും മാസങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.