അയിരൂർ പുതിയകാവ് ജലോത്സവം ഏഴിന്
1589298
Thursday, September 4, 2025 11:40 PM IST
പത്തനംതിട്ട: അയിരൂർ പുതിയകാവ് ജലമേള ഏഴിനു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിന് പുതിയകാവ് ദേവീക്ഷേത്രക്കടവിൽ പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിക്കും.
ജലഘോഷയാത്ര ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പള്ളിയോടങ്ങൾക്കു ദക്ഷിണ നൽകി പ്രമോദ് നാരായൺ എംഎൽഎ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം മാനവമൈത്രി സന്ദേശം നൽകും. കളക്ടർ എസ്. പ്രേംകൃഷ്ണൻ പള്ളിയോടങ്ങൾക്കു ട്രോഫി വിതരണം ചെയ്യും. വഞ്ചിപ്പാട്ട് വിജയികൾക്കുള്ള ട്രോഫി വിതരണം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് നിർവഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പള്ളിയോടങ്ങൾക്കു ഗ്രാന്റ് വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഫിലിപ്പ് അത്തപ്പൂക്കള വിജയികൾക്കു സമ്മാനദാനം നിർവഹിക്കും. അയിരൂരിലേയും സമീപകരകളിലേയും 25 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും. ആറന്മുള ഉതൃട്ടാതി ജലമേള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലമേളയാണിത്.
ജലോത്സവം ഇക്കൊല്ലം മത്സരാടിസ്ഥാനത്തിൽ ആണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. ജലഘോഷയാത്രയെത്തുടർന്നാണ് മത്സരവള്ളംകളി. അത്തപ്പൂക്കളം അടക്കം വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ചുണ്ടാകും. ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജലോത്സവത്തിനു സംസ്ഥാന ടൂറിസം വകുപ്പിന്റെ ധനസഹായവും പ്രതീക്ഷിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ, പബ്ലിസിറ്റി ചെയർമാൻ കെ.ടി. സുബിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.