തിരുവോണത്തോണിയിലേറി, പള്ളിയോടങ്ങളുടെ അകന്പടിയിൽ ഭട്ടതിരി ആറന്മുളയിലേക്ക്
1589301
Thursday, September 4, 2025 11:40 PM IST
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നുള്ള തോണി യാത്ര തുടങ്ങി.
കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നലെ വൈകുന്നേരമാണ് പന്പാനദിയിലൂടെ പരന്പരാഗത ആചാരങ്ങളോടെ ആറന്മുളയ്ക്കു പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി പകർന്നു നൽകിയ ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിച്ചു.
കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിച്ച ഓണവിഭവങ്ങൾ തോണിയിൽ കയറ്റി. ജനപ്രതിനിധികളും ദേവസ്വം ബോർഡ് ഭാരവാഹികളും അടക്കം വൻ ജനാവലി തോണിയെ യാത്ര അയയ്ക്കാൻ എത്തിയിരുന്നു. ആറന്മുള പള്ളിയോടങ്ങളുടെ അകന്പടിയോടെയാണ് തോണി ആറന്മുളയിലേക്കു പുറപ്പെട്ടത്.
പമ്പയെ പ്രകാശപൂരിതമാക്കിയുള്ള യാത്രയെ ഇരുകരകളിലും മണ്‍ചിരാതുകള്‍ തെളിച്ച് സ്വീകരിച്ചു. ഇന്നു പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന തോണിയില്‍ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലില്‍ കൊളുത്തും. മങ്ങാട്ട് ഭട്ടതിരിയെ ആചാരപരമായി വരവേൽക്കും.
തോണിയിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തില്‍ തിരുവോണ ദിവസം സദ്യ ഒരുക്കുന്നത്. സദ്യയ്ക്കുശേഷം പണക്കിഴിയും സമര്‍പ്പിച്ച് ഭട്ടതിരി മടങ്ങും. പന്പയെ പ്രകാശ പൂരിതമാക്കിയുള്ള യാത്രയുടെ സ്മരണയിലാണ് ഉത്തൃട്ടാതി നാളില്‍ പന്പാനദിയില്‍ പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കെത്തുന്നത്.