ഹർത്താൽദിനത്തിലെ ആക്രമസംഭവങ്ങളിൽ : ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്ടം
1224981
Monday, September 26, 2022 11:24 PM IST
കോട്ടയം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ കോട്ടയം ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്ടം. കോട്ടയം ഡിപ്പോയ്ക്കു മാത്രം ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശരാശരി കോട്ടയം ഡിപ്പോയുടെ കളക്ഷന്‍ 10-11 ലക്ഷമായിരുന്നു ഹര്‍ത്താല്‍ ദിനത്തില്‍ നാലു ലക്ഷം രൂപയാണ് കളക്ഷന്‍ ലഭിച്ചത്.
കുറിച്ചിയിലും അയ്മനത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരേ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. ബൈക്കിലെത്തിയസംഘം എറിഞ്ഞ തകര്‍ത്ത മൂന്നു ബസുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പോലീസില്‍ പരാതി നല്കി. മൂന്നു ബസുകള്‍ക്കുമായി 1.30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബസിന്റെ തകര്‍ന്ന ചില്ലിന്റെയും ചില്ല് മാറിയിടാനായി മൂന്നു ദിവസം ഓട്ടം മുടങ്ങിയതിന്റെയും ചേര്‍ത്തുള്ള കണക്കാണിത്.കുറിച്ചി, തെക്കുംഗോപുരം, അയ്മനം എന്നവിടങ്ങളിലാണ് ഹര്‍ത്താല്‍ ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരേ കല്ലേറുണ്ടായത്.
കോട്ടയം ഡിപ്പോയുടേതടക്കം ആറു ബസുകളാണു തകര്‍ത്തത്. തെള്ളകത്ത് കൂത്താട്ടുകുളം ഡിപ്പോയുടെയും കുറിച്ചിയിലും മന്ദിരം കവലയിലുമായി കൊട്ടാരക്കര, എറണാകുളം ഡിപ്പോകളുടെുയം ബസുകള്‍ തകര്‍ക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തുക അടയ്ക്കണമെന്നാണ് പോലീസ് പറയുന്നത്. തകര്‍ക്കപ്പെട്ട ബസുകള്‍ ചില്ല് മാറിയും അറ്റകുറ്റപ്പണി നടത്തിയും ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചതായി ഡിടിഒ അറിയിച്ചു.