വിനോദസഞ്ചാര മേഖലയും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിൽ
1418259
Tuesday, April 23, 2024 6:22 AM IST
കുമരകം: ജലാശയങ്ങളിൽ പോളതിങ്ങി നിറഞ്ഞതാേടെ വിനോദസഞ്ചാര മേഖലയും കായലിൽ പണിയെടുക്കുന്ന തൊഴിലാളികളും നേരിടുന്നത് വലിയ പ്രതിസന്ധി.
ഉയർന്ന താപനിലയ്ക്കൊപ്പം ജലയാനങ്ങളിലൂടെയുള്ള യാത്രയും തടസപ്പെട്ടതോടെ വിദേശസഞ്ചാരികളും അന്യസംസ്ഥാനക്കാരും ഇപ്പോൾ കുമരകം, അയ്മനം തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദയാത്രയ്ക്കായി എത്തുന്നില്ല. ആഫ്രിക്കൻ പായലും ജർമൻ പാേളയും കായൽ ടൂറിസത്തിന് വർഷങ്ങളായി ആഘാതമേല്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലിതിന് പരിഹാരം കാണാൻ വേണ്ടപ്പെട്ട വകുപ്പുകൾക്കൊന്നും സാധിക്കുന്നില്ല.
ആഫ്രിക്കൻ പായലിനെ തിന്നു നശിപ്പിക്കാൻ കഴിവുള്ള കീടങ്ങളെ കണ്ടെത്തി കാർഷിക വകുപ്പ് വിതരണം നടത്തിയിരുന്നു. ഇതു പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. എന്നാൽ ജർമൻ പോളയുടെ വളർച്ചയ്ക്ക് ഇതുവരെ പ്രതിവിധി കണ്ടെത്താൻ ശാസ്ത്രഞ്ജന്മാർക്കായിട്ടില്ല.
തണ്ണീർമുക്കം ബണ്ട് നിർമിക്കുന്നതിന് മുമ്പ് കുട്ടനാട്ടിൽ പോളയും പായലും ഇത്രയ്ക്ക് ദോഷം ചെയ്തിരുന്നില്ല. ഉപ്പുവെള്ളം കയറാതെ ഇരിപ്പൂ നെൽകൃഷിക്കായി തണ്ണീർമുക്കത്ത് നിർമിച്ച ബണ്ട് വർഷങ്ങളായി മാർച്ച് -15ന് തുറക്കുന്നില്ല. ഏപ്രിൽ പകുതിയോടെ ബണ്ട് തുറക്കുമ്പോൾ വേനൽമഴയും തുടർന്ന് വർഷകാലവും ആരംഭിക്കുന്നതിനാൽ കാര്യമായ തോതിൽ അപ്പർകുട്ടനാട്ടിൽ ഉപ്പുവെള്ളം കയറില്ല.
മഴ പെയ്തു തുടങ്ങുന്നതോടെ പോള അതിവേഗം വളരുകയും ചെയ്യുകയാണ്. ഇതിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം.
പോളവാരൽ യന്ത്രം ഉപയോഗിച്ചും തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് നാമമാത്രമായി വാരിച്ചും പോളശല്യം ഒഴിവാക്കാനാകില്ലെന്ന് കണ്ടുകഴിഞ്ഞു. പോളയെ നശിപ്പിക്കാൻ ഉതകുന്ന മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ കായൽ ടൂറിസവും തകരുകയും കായലിനെ ആശ്രയിച്ച് മത്സ്യബന്ധനം പോലുള്ള തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികൾ പട്ടിണിയിലാകുകയും ചെയ്യും.