മുട്ടുചിറ: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോനാ പള്ളിയില്‍ പന്തക്കുസ്താ തിരുനാളും ഇടവക ദിനാഘോഷവും 11 മുതല്‍ 19 വരെ തീയതികളില്‍ നടക്കും. പുനരുദ്ധാരണം പൂര്‍ത്തിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ചെറിയ പള്ളിയുടെ വെഞ്ചരിപ്പ് നാളെ വൈകുന്നേരം 5.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് ഇലഞ്ഞി ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
11ന് വൈകുന്നേരം 4.30ന് വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ തിരുനാളിന് കൊടിയേറ്റും. 11 മുതല്‍ 17 വരെ ദിവസവും രാവിലെ 5.30നും ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. പന്തക്കുസ്താ തിരുനാളിന് ഒരുക്കമായുള്ള ദിവ്യകാരുണ്യ ധ്യാനം 13മുതല്‍ 16 വരെയുള്ള തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ ഒമ്പതു വരെ നടക്കും.
17ന് രാവിലെ 6.30 മുതല്‍ വൈകുന്നേരം 4.30 വരെ ദിവ്യകാരുണ്യ എക്സിബിഷനും നടക്കും. ഇടവക ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സാന്തോം സോണിന്റെ കലാസന്ധ്യ 17ന് വൈകൂന്നേരം 6.30ന് നടക്കും. 18ന് രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, സന്ദേശം തുടര്‍ന്ന് പുറത്തുനമസ്കാരം: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ കാര്‍മികത്വം വഹിക്കും. ഇടവക ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള ലിറ്റില്‍ ഫ്ളവര്‍ സോണ്‍ ബിയുടെ കലാസന്ധ്യ രാത്രി ഏഴിന്.
പ്രധാനതിരുനാള് ദിനമായ 19ന് രാവിലെ അഞ്ചിന് ദിവ്യകാരുണ്യ ആരാധന, 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.15ന് വിദ്യാരംഭം കുറിക്കല്‍, 9.30ന് വിശുദ്ധ കുര്‍ബാന, നൊവേന, വൈകുന്നേരം നാലിന് തിരുനാള്‍ റാസ, 6.30ന് പ്രദക്ഷിണം, ഏഴിന് ഇടവകദിന സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിക്കും.
25, 26 തീയതികളില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇടവകയില്‍ ഇടയനടുത്ത സന്ദര്‍ശനം നടത്തും. 25ന് വൈകുന്നേരം 6.45ന് ബിഷപ്പിന് സ്വീകരണം, തുടര്‍ന്ന് ജപമാലയും പള്ളിയോഗവും. 26ന് രാവിലെ 7.45ന് ബിഷപ്പിന് ഇടവകസമൂഹത്തിന്റെ സ്വീകരണം, എട്ടിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് സെമിത്തേരി സന്ദർശനവും, പൊതുയോഗവും നടക്കുമെന്ന് വികാരി ഫാ. ഏബ്രഹാം കൊല്ലിതാനത്തുമലയില്‍ അറിയിച്ചു.