നടപ്പാതയ്ക്കും ഓടയ്ക്കുമായി കാത്തിരിപ്പ് നീളുന്നു
1425168
Sunday, May 26, 2024 10:19 PM IST
പാലാ: ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലാ ടൗണ്‍ മുതല്‍ മൂന്നാനി വരെയുള്ള നഗരസഭാ പ്രദേശത്ത് നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.നടപ്പാത നിര്‍മിക്കാത്തതു മൂലം തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
വളരെ തിരക്കേറിയ റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്കരമാണ്. വാഹനങ്ങളിടിക്കാതെ പലരും തലനാരിഴക്കാണ് രക്ഷപെടുന്നത്. ചെത്തിമറ്റം ജങ്ഷന് മുതല്‍ മൂന്നാനി കോടതി ജങ്ഷന് വരെ ഒരു വശത്ത് നടപ്പാത നിര്‍മിച്ചിട്ടുണ്ടെങ്കിലും ടൗണില്‍നിന്ന് ചെത്തിമറ്റം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തില്‍ നടപ്പാതയില്ല. റോഡിന്റെ ഈ ഭാഗത്ത് ഓടകളും നിര്‍മിച്ചിട്ടില്ല. പലപ്പോഴും ചെളിനിറഞ്ഞ് വെള്ളം കെട്ടിനിന്ന് കുഴികള്‍ രൂപപ്പെട്ടതുമായ വശങ്ങളിലൂടെയുള്ള കാല്‍നടയാത്ര അസാധ്യമാണ്.
റോഡിലൂടെ സ്കൂള്‍ കുട്ടികളും വഴിയാത്രക്കാരും ഇറങ്ങി സഞ്ചരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
പാലാ കോടതി, ആര്‍ടി ഓഫീസ്, കുടുംബക്കോടതി, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ടൗണ്‍ മുതല്‍ ചെത്തിമറ്റം വരെ നടപ്പാതയും ഓടയും നിര്‍മിക്കുവാന്‍ പൊതുമരാമത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതിയിട്ടിരുന്നു.എന്നാല്‍ കലുങ്ക് നിര്മിക്കുകമാത്രമാണ് ചെയ്തത്. കലുങ്കിലേയ്ക്ക് വെള്ളമൊഴുകിയെത്തുവാന് ഓടകളില്ല. ഇവിടെ ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാതെ വഴിയരികില്‍ കെട്ടിക്കിടക്കുകയാണ്.
വ്യാപകമായി ഇരുചക്രവാഹനങ്ങള്‍ ഇവിടെ അകടത്തില്പ്പെടുന്നുണ്ട്. ഒരു മഴ പെയ്താല്‍ ഇവിടം വെള്ളക്കെട്ടിലാകും. തുടര്‍ന്ന് ചെളി നിറയും. റസിഡന്റ്സ് അസോസിയേഷനുകളും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയായിട്ടില്ല.