പോത്താനിക്കാട് : ജില്ലയുടെ കിഴക്കേ അതിര്‍ത്തിയായ ചാത്തമറ്റം ഒറ്റക്കണ്ടം പ്രദേശങ്ങളിലും, ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് മേഖലയിലും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഈ മേഖലയിലെ പുരയിടങ്ങളിലൂടെ ആനകളുടെ വിളയാട്ടമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികളാണ് അധികവും നശിപ്പിച്ചത്. രാത്രികളില്‍ കൃഷിയിടങ്ങളിലൂടെയിറങ്ങി നടന്ന് വയര്‍ നിറച്ച ശേഷം പുലര്‍ച്ചെ തൊട്ടടുത്തുള്ള വനത്തിലേക്ക് കയറി പോവുകയാണ്.
ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ ആനശല്യം രൂക്ഷമാവുന്നത്. മുന്‍പ് ഈ പ്രദേശങ്ങളില്‍ ആന ശല്യം പതിവായിരുന്നു. ആന വിളയാട്ടം പുനരാരംഭിച്ചതോടെ പ്രദേശവാസികള്‍ ഭയവിഹ്വലരായാണ് വീടുകളില്‍ കഴിയുന്നത്. രാത്രികളില്‍ പൈങ്ങോട്ടൂര്‍ - മുള്ളരിങ്ങാട് റോഡിന്റെ നടുവിലൂടെ ആനകള്‍ ഉലാത്തുന്നതുമൂലം വഴിയാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കാനും പേടിയാണ്. ആനകളെ പ്രദേശത്തു നിന്നും ഒഴിവാക്കി ഉള്‍ക്കാടുകളിലേക്ക് കടത്തിവിടണമെന്നും ഫെന്‍സിംഗ് ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.