കളക്ടറേറ്റിൽ 13 ഓഫീസുകളിലെ ഫ്യൂസ് ഊരി
1394414
Wednesday, February 21, 2024 4:05 AM IST
കാക്കനാട്: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ 13 ഓഫീസുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. കളക്ടറേറ്റിലെ വിവിധ ഓഫീസുകൾ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 57.95 ലക്ഷം രൂപ കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇ ബിയുടെ ഈ നടപടി.
ഇന്നലെ രാവിലെ ജീവനക്കാർ എത്തിയ സമയത്ത് വൈദ്യുതി ഇല്ലാത്തതിനാൽ യുപിഎസിന്റെ സഹായത്തോടെ കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. പിന്നീടാണ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയതാണെന്ന് ജീവനക്കാർ അറിഞ്ഞത്. ഇതിനെ തുടർന്ന് 48ഓളം ഓഫീസുകളിലെ പ്രവർത്തനം താറുമാറായി.
കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകളും വൈദ്യുതി ബിൽ അടച്ചിട്ടില്ല. മൈനിംഗ് ആൻഡ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ഡെപ്യൂട്ടി എഡ്യുക്കേഷൻ ഓഫീസിന്റെ കുടിശിക 92,933 രൂപയാണ്.
റവന്യൂ വിഭാഗം 7,19,554 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഓരോ ലൈനിലും രണ്ടും മൂന്നും ഓഫീസുകൾ വീതം പ്രവർത്തിക്കുന്നുണ്ട്. കൃഷി, വിദ്യാഭ്യാസം, സർവെ, വനിതാ ശിശുക്ഷേമ വകുപ്പുകൾ ഉൾപ്പെടെയുള്ള ഓഫീസുകളിലും വൈദ്യുതി മുടങ്ങി.
കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ ആയിരുന്നു ജീവനക്കാർ ഇന്നലെ ഓഫീസിലിരുന്നത്. തികച്ചും അസാധാരണമായ സാഹചര്യമാണ് കളക്ടറേറ്റിൽ നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കെഎസ്ഇബി ചെയര്‍മാനുമായി സംസാരിച്ച് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.