ആലങ്ങാട്: വീടിനുള്ളിൽ കിടന്ന ഷൂവിനുള്ളിൽനിന്നും മൂർഖൻ പാമ്പിനെ പിടികൂടി. വാണിയക്കാട് വൈഷ്ണവം വേണുവിന്റെ വീട്ടിൽ നിന്നാണു പാമ്പിനെ പിടികൂടിയത്. ഞായറാഴ്ച രാത്രി വീടിനുള്ളിൽ അഴിച്ചിട്ട ഷൂവിൽ പാമ്പ് ഇഴഞ്ഞു കയറുന്നതു കണ്ട മകൾ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്നു ഷൂ പുറത്തേക്ക് വലിച്ചെറിയുകയും ചെടിച്ചട്ടി ഉപയോഗിച്ചു മൂടിയിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ വനംവകുപ്പിൽ വിവരമറിയിച്ചു. റെസ്ക്യൂ ഓപ്പറേറ്റർ ടി.ജെ.കൃഷ്ണനാണു പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ കാട്ടിൽ തുറന്നുവിട്ടു. സമീപ പ്രദേശങ്ങളിൽ നിന്നു മാസങ്ങൾക്കു മുന്പു വിഷപ്പാമ്പുകളെ പിടികൂടിയിരുന്നു.