പ്രകൃതിസ്നേഹം നെയ്തൊരുക്കി കദളിക്കാട്ടെ കൂട്ടുകാർ
1459721
Tuesday, October 8, 2024 7:36 AM IST
വാഴക്കുളം: പ്ലാസ്റ്റിക്കിന്റെ അപകടങ്ങൾ ഇവർക്കു നന്നായറിയാം. തങ്ങൾ ജീവിക്കുന്ന തലമുറയ്ക്കും വരുംകാലത്തിനും പ്ലാസ്റ്റിക് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അധ്യാപകർ അവർക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്. എങ്കിൽ എന്താണു പ്ലാസ്റ്റിക്കിനു ബദൽ..?
കദളിക്കാട് വിമലമാതാ സ്കൂളിലെ വിദ്യാർഥികൾക്ക് ഈ ചോദ്യത്തിനു പ്രകൃതിസൗഹൃദമാർന്ന ഒരു ഉത്തരമുണ്ട്. പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചു നിർമിച്ച ഉല്പന്നങ്ങളിലൂടെ തങ്ങളുടെ ചുറ്റുപാടുകളിലുള്ള പ്ലാസ്റ്റിക് സാധനങ്ങൾ കുറയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണവർ. ഒറ്റത്തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, പ്രകൃതിക്കും ജീവജാലങ്ങൾക്കും വരുത്തുന്ന ദുരിതങ്ങൾ മനസിലാക്കിയാണു പ്രകൃതിദത്ത ഉല്പന്നങ്ങൾ കൊണ്ടു കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനം (ബയോ ഫെസ്റ്റ് ) സ്കൂളിൽ നടത്തിയത്. പുതുതലമുറയിൽ പ്രകൃതിദത്ത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഫെസ്റ്റ് സംഘടിപ്പിച്ചതെന്നു പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ പറഞ്ഞു.
അഞ്ചു മുതൽ ഒന്പതു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ വിവിധ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് പേപ്പർ ബാഗുകളും ബോട്ട്, കാർ, ആന, പാമ്പ്, തവള, പൂക്കൾ, നക്ഷത്രങ്ങൾ, വീട് എന്നിവയുടെ മാതൃകകളും നിർമിച്ചു. ചകിരിനാര്, നൂൽ, ഇല, കടലാസ്, തുണി തുടങ്ങിയവയെയായിരുന്നു നിർമിതികൾക്കായി അവർ കൂട്ടുപിടിച്ചത്. സിസ്റ്റർ ജോമിയയും സ്കൂളിലെ അധ്യാപന പരിശീലകരും വിദ്യാർഥികൾക്കു പ്രോത്സാഹനമായി. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ നടത്തിയ ബയോ ഫെസ്റ്റ് കാണാനും നിരവധി പേരെത്തി.
ജോയൽ നെല്ലിക്കുന്നേൽ