തിരുമാറാടിയെ സന്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1535616
Sunday, March 23, 2025 4:49 AM IST
തിരുമാറാടി: പഞ്ചായത്തിനെ സന്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് പ്രഖ്യാപിച്ചു. സ്ഥിരംസമിതി അധ്യക്ഷ രമ മുരളിധരകൈമൾ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ശുചിത്വം സുന്ദരം തിരുമാറാടി എന്ന പേരിൽ വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയത്.
സന്പൂർണ മാലിന്യമുക്ത പഞ്ചായത്തായി മാറുന്ന പാന്പാക്കുട ബ്ലോക്കിലെ ആദ്യ പഞ്ചായത്താണ് തിരുമാറാടി. മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി പഞ്ചായത്തൊട്ടാകെ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് സാധിച്ചത്.
13 വാർഡുകളിലും അംഗങ്ങളുടെ നേതൃത്വത്തിൽ ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ശുചിത്വ സദസുകൾ സംഘടിപ്പിച്ച് വാർഡുകളെ സന്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കുകയും ചെയ്തു.
പഞ്ചായത്തിന്റെ വിവിധ പൊതുയിടങ്ങൾ ബഹുജന പങ്കാളിത്തത്തോടെ വൃത്തിയാക്കിയും ഹരിത ടൗണുകളായി പ്രഖ്യാപിച്ചും ശുചിത്വ റാലികൾ സംഘടിപ്പിച്ചും തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ വിവിധ തോടുകളും കനാലുകളും ശുചീകരിച്ചും പ്രവർത്തനങ്ങൾ ജനകീയമാക്കി.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ. കോളജ് മണിമലക്കുന്നിനെ ജില്ലയിലെ ആദ്യത്തെ സർക്കാർ ഹരിത കാന്പസായി പ്രഖ്യാപിക്കുന്നതിനും സാധിച്ചു.