വനംവകുപ്പിന്റെ നീക്കം തീക്കളി: കത്തോലിക്കാ കോണ്ഗ്രസ്
1535620
Sunday, March 23, 2025 4:53 AM IST
കോതമംഗലം: വനം വകുപ്പ് കൈയേറിയ പൊതുമരാമത്ത് റോഡിലൂടെ, ജനകീയ സമരത്തിൽ പങ്കെടുത്ത് കാൽനടയാത്ര ചെയ്ത, 89കാരനായ കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ കള്ളക്കേസ് എടുത്തിരിക്കുന്ന വനംവകുപ്പിന്റെ നടപടി തീക്കളിയാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി മുന്നറിയിപ്പ് നൽകി.
വനംവകുപ്പിന്റെ തെറ്റായ കിരാത നടപടി തിരുത്തിയില്ലെങ്കിൽ അതിശക്തമായ സമരത്തെ നേരിടേണ്ടി വരുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
വനംവകുപ്പിന്റെ ഒഴികെയുള്ള എല്ലാ സർക്കാർ രേഖകളിലും രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ - മൂന്നാർ റോഡ്, റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് റോഡ് കൈയേറി ബാരിക്കേഡ് സ്ഥാപിച്ചത്. റോഡ് കൈയേറി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ വനംവകുപ്പിനെതിരെയാണ് കേസെടുക്കേണ്ടത്.
ജനകീയ ആവശ്യത്തിനുള്ള സമരത്തെ കള്ളക്കേസുകൊണ്ട് അടിച്ചമർത്താമെന്ന ധാരണ വനം വകുപ്പിന് വേണ്ട. രാജപാത ജനങ്ങൾക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിൽ മാത്രമേ ജനകീയ സമരത്തിന് അറുതി ഉണ്ടാവുകയുള്ളൂ. ജനഹിതവും ന്യായമായ ആവശ്യങ്ങളും മനസിലാക്കാതെ, വകതിരിവില്ലാതെ മൃഗങ്ങളെ പോലെ പെരുമാറുന്ന വനംവകുപ്പ് അധികൃതരുടെ തെറ്റായ നടപടികൾ തിരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.