യൂസ്ഡ്കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്
1544475
Tuesday, April 22, 2025 7:13 AM IST
കാക്കനാട്: യൂസ്ഡ്കാർ ഷോറുമുകൾ ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിനകത്തു നിന്നുള്ള വാഹനങ്ങൾക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന വാഹനങ്ങളും യൂസ്ഡ് കാർ ഷോറും ഉടമകൾ വില്പനയ്ക്കെത്തിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും വിശദ വിവരങ്ങൾ ഷോറൂം ഉടമകൾ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസൻസ് നിർബന്ധമാക്കാൻ കാരണമെന്നും ആർടിഒ അധികൃതർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് അടിയന്തിര നടപടിയെന്നാണ് സൂചന.
യൂസ്ഡ് കാർ ഷോറൂം ഉടമകൾ ലൈസൻസ് എടുക്കണമെന്ന് ചൂണ്ടിക്കാട്ടി അധികൃതർ നോട്ടീസ് നൽകിയെങ്കിലും ആരും ഇക്കാര്യത്തിൽ സഹകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇത്തരം ഷോറൂകളിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. ചട്ടലംഘനം കണ്ടെത്തിയ മുപ്പതോളം ഷോറൂമുകൾക്ക് നോട്ടീസ് നൽകി.
വാഹനം വിൽക്കുന്നവർ കൃത്യമായ രേഖകൾ സൂക്ഷിക്കാത്ത കാരണത്താൽ ഇവിടങ്ങളിൽ നിന്നും വാങ്ങുന്ന വാഹനങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതായും സംശയം ഉയർന്നിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിനും വില്പനയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ നല്ലൊരു ശതമാനവും യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാങ്ങുന്നവയാണെന്ന കണ്ടെത്തലിന്റെയും സർക്കാരിന് കിട്ടേണ്ട നികുതിയടക്കമുളള കാര്യങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ലൈസൻസ് നിർബന്ധമാക്കാനുള്ള തീരുമാനമെന്നും കൃത്യമായ വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.