ഇൻവെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി: ആദ്യ ഹെൽത്ത് കെയർ ടൗണ്‍ഷിപ്പിനു ചെർപ്പുളശേരിയിൽ തുടക്കമാകുന്നു
1579176
Sunday, July 27, 2025 6:36 AM IST
പാലക്കാട്: ഇൻവെസ്റ്റ് കേരള നിക്ഷേപ സൗഹൃദ ഉച്ചകോടിയിൽ ഉൾപ്പെട്ട പ്രഥമ ഹെൽത്ത് കെയർ ടൗണ്‍ഷിപ്പ് ക്യാനിയോ ഹെൽത്തിന് ചെർപ്പുളശേരിയിൽ തുടക്കമാകുന്നു. 29 ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നിർവഹിക്കും. ഡിജിറ്റലായി സംയോജിപ്പിച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാണ് ചെർപ്പുളശേരിയിൽ ക്യാനിയോ ഹെൽത്ത് ഒരുക്കുന്നത്.
അഞ്ചുഘട്ടങ്ങളിലായി അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതിയിൽ ഓങ്കോളജി ഉൾപ്പെടെ 250 ബെഡുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, 100 ബെഡ് മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ, 1100 വിദ്യാർഥികൾക്കായി ബിഎസ്സി നഴ്സിംഗ്, ജിഎൻഎം, പാരാമെഡിക്കൽ കോഴ്സുകൾ മുതലായവ ഉൾപ്പെടുന്ന അക്കാദമി എന്നിവ ഉണ്ടാകും.
പ്രീമിയം കെയർ റിട്ടയർമെന്റ് ഹോമും വിവിധ വിഭാഗങ്ങളിലെ സന്ദർശകർക്കായി ബൈസ്റ്റാൻഡർ അപ്പാർട്ട്മെന്റും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫുഡ് കോർട്ട്, സൂപ്പർ മാർക്കറ്റ്, സ്റ്റാഫ് ഹോസ്റ്റൽ, എനർജി സ്റ്റേഷൻ, കണ്വൻഷൻ സെന്റർ, പാർക്ക്, സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ക്യാനിയോ ഹെൽത്തിൽ ഒരുങ്ങും. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവരിലേക്കും മികച്ച സേവനം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ നജീബ് കാരോത്ത്കുഴി മൂസ പത്രസമ്മേളനത്തിൽ അറിയിച്ചു.