ലക്കിടിയിൽ റെയിൽവേ മേൽപ്പാലനിർമാണം പരിഗണിക്കുമെന്നു റെയിൽവേ മന്ത്രി
1579182
Sunday, July 27, 2025 6:37 AM IST
ഒറ്റപ്പാലം: ലക്കിടിയിൽ റെയിൽവേ ഗേറ്റിന് പകരം മേൽപ്പാല നിർമാണം നടത്താനുള്ള ആവശ്യം പരിഗണിക്കുമെന്ന് വകുപ്പു മന്ത്രിയുടെ ഉറപ്പ്. പാലക്കാട് –തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി ഭാഗത്ത് റെയിൽവേ മേൽപ്പാലം നിർമിക്കാൻ നടപടി ആവശ്യപ്പെട്ട്് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഷൊർണൂർ-പാലക്കാട് റെയിൽവേലൈൻ ഭാഗത്ത് 44 കിലോമീറ്റർ ദൂരത്തിൽ ബാക്കിനിൽക്കുന്ന ഒരേ ഒരു ലവൽക്രോസായ ലക്കിടി രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണ്. യാർഡിന് സമീപമുള്ള ഈ ഡിപ്പോസിറ്റ് ലവൽക്രോസ് പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്നതാണ്. 2026ൽ ഷൊർണൂർ മുതൽ പാലക്കാട് വരെയുള്ള എല്ലാ ലവൽക്രോസുകളും ഒഴിവാകുന്ന പശ്ചാത്തലത്തിൽ ബാക്കിയുള്ള ലക്കിടി ലവൽക്രോസ് ഒഴിവാക്കുന്നത് അനിവാര്യമാണെന്നും അതിനായി ആർഒബി നിർമാണം അതിവേഗം ആരംഭിക്കണമെന്നുമാണ് എംപിയുടെ ആവശ്യം.
പോത്തനൂർവരെ ലൈൻ വേഗം 130–160 കിലോമീറ്റർ വരെ ഉയർത്താനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനിടെ ഈ ലവൽക്രോസ് ഓപ്പറേഷണൽ കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളിയാണെന്നും എംപി ചൂണ്ടിക്കാട്ടിയിരുന്നു. ദിവസേന ആയിരക്കണക്കിന് ആളുകൾ ഈ വഴിയുപയോഗിക്കുന്നുണ്ട്. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എംപി അറിയിച്ചു.