വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും കേരളത്തിന് അപമാനം: സന്ദീപ് വാര്യർ
1579185
Sunday, July 27, 2025 6:37 AM IST
പാലക്കാട്: കേരളത്തിൽ വിദ്യാഭ്യാസമേഖലയും ആരോഗ്യമേഖലയും തകർന്നു തരിപ്പണമായെന്നും ഗോവിന്ദച്ചാമിക്ക് ജയിലിൽ കിട്ടുന്ന പരിഗണനപോലും വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്നും കെപിസിസി വക്താവ് സന്ദീപ് വാര്യർ. കെപിഎസ്ടിഎ റവന്യൂ ജില്ലാ ധർണാ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മെനുവിനനുസരിച്ച് ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, പാഠപുസ്തകവിതരണം കാര്യക്ഷമമാക്കുക, യൂണിഫോം വിതരണം കാര്യക്ഷമമാക്കുക, വിദ്യാഭ്യാസ മേഖലയിലെ സമാന്തര പരിപാടികൾ അവസാനിപ്പിക്കുക, ഡിഎ കുടിശിക ഉടൻ വിതരണം ചെയ്യുക, നിയമനങ്ങൾക്ക് അംഗീകാരം നൽകുക, പ്രീപ്രൈമറി ജീവനക്കാർക്കും ആയമാർക്കും ശന്പള സ്കെയിൽ അനുവദിക്കുക, നാഷണൽ പെൻഷൻ സ്കീം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾക്കാണ് ധർണാസമരം സംഘടിപ്പിച്ചത.് ഷാജി എസ.് തെക്കേതിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതവും ജില്ലാ ട്രഷറർ കെ. സുമേഷ് കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ പി.കെ. ഹരിനാരായണൻ, നസീർ ഹുസൈൻ, രമേഷ് പാറപ്പുറം ബിജു ജോസ്, കെ. ശ്രീജേഷ്, വിദ്യാഭ്യാസജില്ലാ പ്രസിഡന്റു മാരായ സി. സജീവ്, എം. സജിത് കുമാർ, എം.പി. സതീഷ്, സി.എസ്. സതീഷ് എന്നിവർ ആശംസാപ്രസംഗം നടത്തി.