വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളുടെ സംഗമം
1579190
Sunday, July 27, 2025 6:37 AM IST
വടക്കഞ്ചേരി: രൂപത ക്രിസ്തുജയന്തി മഹാജൂബിലി 2025 ന്റെ മേഖല ദിവ്യകാരുണ്യ തീർഥാടക സംഗമം വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ നടന്നു. ഇന്നലെ ഉച്ചക്ക് ഒന്നിന് ആരാധനയോടെയായിരുന്നു സംഗമത്തിന് തുടക്കം കുറിച്ചത്.
കുമ്പസാരം, ദിവ്യകാരുണ്യ പ്രഭാഷണം തുടർന്ന് നടന്ന സമൂഹ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ച് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ വചനസന്ദേശം നൽകി.
ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം എന്നീ ശുശ്രൂഷകൾക്കും ബിഷപ് കാർമികത്വം വഹിച്ചു. ഫാ.അഡ്വ.റെജി പെരുമ്പിള്ളിൽ, ഫാ.സുമേഷ് നാല്പതാംകളം, ഫാ.തോമസ് വടക്കുഞ്ചേരി, ഫാ. ആന്റണി വടക്കൻ (ഒഎഫ്എംസിഎപി), ഫാ. ബാബു പായിക്കാട്ട് (ഒ.കാം), ഫാ. പ്രസാദ് കുരിശിങ്കൽ (സിഎസ്ടി) എന്നീ വൈദികർക്കു പുറമെ മൂന്ന് ഫൊറോനകളിലെ ഇടവകവികാരിമാരും സന്യസ്ത വൈദികരും സമൂഹ ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു. ഫാ. ഹർഷിത്ത് (ഐഎംഎസ്) ദിവ്യകാരുണ്യ പ്രഭാഷണത്തിന് നേതൃത്വം നൽകി. ഫാ. ഫ്രാങ്കോ വടക്കൻ (ഒഎഫ്എംസിഎപി) ആരാധനക്കും ആരാധന എഴുന്നള്ളിച്ചുവെക്കൽ ശുശ്രൂഷക്ക് ഫാ. തോമസ് വടക്കുഞ്ചേരിയും കാർമികരായി.
തിരുകർമങ്ങൾക്കെത്തിയ ബിഷപ്പിനെ വടക്കഞ്ചേരി ഫൊറോന വികാരി ഫാ.അഡ്വ.റെജി പെരുമ്പിള്ളിൽ, കൈക്കാരന്മാരായ സണ്ണി നടയത്ത്, ബാബു തെങ്ങുംപിള്ളി എന്നിവരുടെ നേതൃത്വത്തിൽ മറ്റു ഫൊറോന വികാരിമാരും വൈദികരും വിശ്വാസസമൂഹവും ചേർന്ന് സ്വീകരിച്ചു.വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് എന്നീ മൂന്ന് ഫൊറോനകളുടെ സംഗമമാണ് നടന്നത്. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.