ക്ഷീരവികസന ഓഫീസ് ഉപരോധിച്ചു
1579179
Sunday, July 27, 2025 6:37 AM IST
അഗളി: കുറവൻപാടി ക്ഷീരസംഘത്തിൽ ക്ഷീരകർഷകർക്ക് ലഭിക്കാനുള്ള പണം ഉടനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരവികസന ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം പൊതുപ്രവർത്തകനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോബി കുരീക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് 4000 രൂപ മുതൽ 60,000 രൂപ വരെ കൊടുക്കാനുള്ളപ്പോൾ സംഘം അഡ്മിനിസ്ട്രേറ്റർ കൂടിയായ അസിസ്റ്റന്റ് ഡിഒ യും ഡിഡി യും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
കുറച്ചു കർഷകരുള്ള സംഘത്തിലെ ഓഡിറ്റ് ചെലവ് ഒരു ലക്ഷത്തിൽ അധികമാണ്. ഉദ്യോഗസ്ഥരുടെ വ്യക്തമായ അറിവോടുകൂടി ഈ സംഘത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഗളി എസ്ഐ അബ്ദുൾ ഖയൂം മധ്യസ്ഥ ചർച്ചയിൽ ഈ മാസം അവസാനത്തോടുകൂടി മുഴുവൻ തുകയും കർഷകർക്ക് നൽകാമെന്ന് ഉറപ്പുനൽകി.
തുക ലഭിക്കാത്തപക്ഷം ഓഫീസിലേക്ക് കാലികളെയുമായി എത്തി സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. സഫിൻ അട്ടപ്പാടി, രാജു പൂക്കുന്നൽ, അജിത്ത് കോട്ടത്തറ, ബിൻസി അജി, കെ.കെ. അജി, ശോഭ, പി.യു. സോജൻ, രാജു അരീക്കൽ, ലിജോ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.