നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ; നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു
1579192
Sunday, July 27, 2025 6:37 AM IST
നെല്ലിയാമ്പതി: കനത്തമഴ, വെള്ളപ്പൊക്കം, പോത്തുണ്ടി അണക്കെട്ട് തുറന്നു. പോത്തുണ്ടി പുഴയുടെ തീരങ്ങൾ വെള്ളം മുങ്ങി. ഇന്നലെ രാവിലെവരെ പോത്തുണ്ടിയിൽ 66 മില്ലിമീറ്റർ മഴ പെയ്തു. നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നൂറടി പുഴയിൽ ജലനിരപ്പ് ഉയർന്നു.
നൂറടി കൂനംപാലം പുഴ പാലം കവിഞ്ഞ് വെള്ളം ഒഴുകി. കൂനംപാലം എവിടി വളം ഡിപ്പോയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും വെള്ളം കയറി. കൈകാട്ടി നൂറടി റോഡ് കൂനംപാലത്ത് വെള്ളത്തിനടിയിലായി. റോഡ് മുങ്ങിയതിനെതുടർന്ന് നൂറടിയിലേക്കുള്ള ഗതാഗതം പോത്തുപാറ വഴി തിരിച്ചുവിട്ടു. കൂനംപാലം മുസ്ലിംപള്ളിക്ക് സമീപം വരെ വെള്ളം ഉയർന്നു.
നൂറടിയിൽ പൂത്തുണ്ട് എസ്റ്റേറ്റ് കവാടത്തിന് സമീപം കാരപ്പാറ റോഡിലേക്ക് മൂന്നടിയിലേറെ വെള്ളംകയറി. വെള്ളം കയറിയതിനെ തുടർന്ന് കാരപ്പാറ, വിക്ടോറിയ ഭാഗങ്ങളിലേക്ക്ഗതാഗതം തടസപ്പെട്ടു. നൂറടി പാലം മുട്ടിയ നിലയിൽ ജലനിരപ്പ് ഉയർന്നു. നൂറടി പുഴയിൽ ജലമൊഴുക്ക് വർധിച്ച് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായി നെല്ലിയാമ്പതി നൂറടിയിലെ താമസക്കാർ പറഞ്ഞു.
ചുള്ളിയാർ ഡാമിൽ ഒരു ഷട്ടർ തുറന്നു
മുതലമട: ഗ്രാമപഞ്ചായത്തിന്റെ മലയോര താഴ്വരയിൽ മഴ ശക്തമായതിനെതുടർന്ന് ജലനിരപ്പ് കുത്തനെ ഉയർന്ന ചുള്ളിയാർ ഡാം അണക്കെട്ട് ഷട്ടർ തുറന്നു. അഞ്ച് സെന്റീമീറ്ററിൽ ഒരു ഷട്ടർ ഇന്നലെ ഉച്ചക്ക് തുറന്നു. 154.07 മീറ്റർ ജലസംഭരണ ശേഷിയിൽ 153.80 മീറ്റർ ജലം എത്തിയിട്ടുണ്ട്.
എലവഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ഡാം അസിസ്റ്റന്റ് എൻജിനീയർ അഭിലാഷ് ഹരികൃഷ്ണൻ എന്നിവർ സാന്നിധ്യം വഹിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടർന്നുവരുന്നതിനാൽ ഷട്ടർ കൂടുതൽ ഉയർത്താനുള്ള സാധ്യയുണ്ട്. പുഴയുടെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആലമ്പള്ളം നിലമ്പതി പാലത്തിലൂടെ സഞ്ചരിക്കുന്നവർ അതീവജാഗ്രത പാലിക്കാനും രാത്രിസഞ്ചാരം ഒഴിവാക്കേണ്ടതുമാണ്.