മുതലമടയിൽ ജനകീയവികസന മുന്നണി സമരം അവസാനിപ്പിച്ചു
1579184
Sunday, July 27, 2025 6:37 AM IST
മുതലമട: ജനകീയ വികസന മുന്നണി മുതലമട ഗ്രാമപഞ്ചായത്തിനു മുന്നിൽ പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവന്ന രാപ്പകൽ സമരം ഒത്തുതീർപ്പായി. സമരനേതാക്കൾ ജില്ലാകളക്ടർ ജി. പ്രിയങ്കയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് ഡയറക്ടർ ഗോപിനാഥ്, ജില്ലാ ട്രൈബൽ ഓഫീസർ ഷെമീല എന്നിവരുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ മുതലമട ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തി സമരപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഭരണസമിതിയുമായി നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായത്.
തേക്കടി ഊരുമൂപ്പൻ രാമൻകുട്ടി, മാരിയപ്പൻ നീളിപ്പാറ, എം. താജുദീൻ, വിളയോടി വേണുഗോപാൽ, അക്ബർ സുൽത്താൻ, ബദറുദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പറമ്പിക്കുളം -കുരിയാർകുറ്റി പാത 25 ലക്ഷം രൂപയിൽ നവീകരണം, ചെമ്മണാംപതി-തേക്കടി വനപാതക്ക് 34 ലക്ഷവും ചെലവിൽ സംരക്ഷണം, തേക്കടി അല്ലി മൂപ്പൻ കോളനി, കുരിയാർകുറ്റി, ഒറവൻപാടി എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യം ഏർപ്പെടുത്തും. പട്ടികവർഗക്കാർക്ക് ഭവനപദ്ധതികൾ നടപ്പാക്കും എന്ന ഉറപ്പും ലഭിച്ചതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനാദേവി അറിയിച്ചു. 11 ദിവസത്തെ സമരമാണ് അവസാനിച്ചത്.