തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്കു പരിക്ക്
1579177
Sunday, July 27, 2025 6:36 AM IST
വണ്ടിത്താവളം: കൈതറവ്പാതയിൽ തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷം. ഇരുചക്രവാഹന സഞ്ചാരവും കാൽ നടയാത്രയും തെരുവുനായ ഭീതിയിലാണ്. നാലും അഞ്ചും നായകൾ കൂട്ടമായാണ് ചീറ്റിപ്പായുന്നത്. മരുതമ്പാറ, കരയ്ക്കലകുളമ്പ് റിനീഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറിൽ രണ്ട് തെരുവുനായ്ക്കൾ ഇടിച്ച് റോഡിൽ തെറിച്ചുവീണ് ഇരുവർക്കും സാരമായ പരിക്കേറ്റു.
സമീപവാസികൾ എത്തിയാണ് റോഡിൽ വീണുകിടന്ന ഇരുവരേയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. റിനീഷിന്റെ ഇരുകൈകളിലും,കാലിലും സാരമായ പരിക്കുണ്ട്. റിനേഷിനു ശസ്ത്രക്രിയ ആവശ്യമുള്ളതിനാൽ പരിക്കേറ്റ ഇരുവരേയും കൊഴിഞ്ഞാമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വഴിയിലൂടെ വിദ്യാർഥികൾ സ്കൂളിലേക്ക് നടന്നുപോകുന്നതും തിരിച്ചുവരുന്നതും ഭീതിജനകമാണ്. നടന്ന് എത്താവുന്ന ദൂരത്തിലുള്ളവർപോലും ഓട്ടോയിലാണ് സഞ്ചാരം.