ജില്ലയിൽ മഴക്കെടുതി രൂക്ഷം; കാറ്റിലും മഴയിലും കനത്ത നാശനഷ്ടം
1579191
Sunday, July 27, 2025 6:37 AM IST
വീടിനു മുകളിൽ മരംവീണ് രണ്ടുപേർക്ക് പരിക്ക്
കല്ലടിക്കോട്: ഇന്നലെ പുലർച്ചെ മൂന്നിന് ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ മുകളിൽ മരംവീണു രണ്ടു പേർക്ക് പരിക്കേറ്റു. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചുകൃഷ്ണന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. കൊച്ചുകൃഷ്ണന്റെ ഭാര്യയുടെ അമ്മ സരോജിനി (72) കൊച്ചുകൃഷ്ണന്റെ മകൾ അർച്ചന (22) ഇവർക്ക് സാരമായി പരിക്കേറ്റു. അർച്ചനയുടെ തലയിൽ പന്ത്രണ്ട് തുന്നലുണ്ട്. ഇവരെ രണ്ടുപേരേയും തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ആകെ ആറുപേർ ഉണ്ടായിരുന്നു. പുലർച്ചെയോടെ ഈ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റുമായിരുന്നു.
കൂടിനുമുകളിൽ മരംവീണ് നാല് ആടുകൾ ചത്തു
കൊഴിഞ്ഞാന്പാറ: അത്തിക്കോട് പള്ളി സ്ട്രീറ്റിലെ മുഹമ്മദ് ഇസ്മായിലിന്റെ മകൻ നിജാമുദീന്റെ വീട്ടിലെ ആടുകളെ കെട്ടിയിരുന്ന ഷെഡിൽ ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ചടച്ചിമരം വീണ് നാല് ആടുകൾ ചത്തു.
പോത്തുണ്ടി അണക്കെട്ട് നിറഞ്ഞു; പുഴയിലേക്ക് കൂടുതൽ വെള്ളംതുറന്നു
നെന്മാറ: പോത്തുണ്ടി ജലനിരപ്പ് റെഡ് അലർട്ടിൽ. പുഴയിലേക്ക് വെള്ളം തുറന്നു. ചാത്തമംഗലത്ത് റോഡ് കവിഞ്ഞു വീടുകളിലേക്ക് വെള്ളം കയറി. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ ജലനിരപ്പ് 54 അടിയായി ഉയർന്നതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച 53 അടി ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പുഴയിലേക്ക് മൂന്നു സ്പില്വെ ഷട്ടറുകളും രണ്ട് സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.

ശനിയാഴ്ച രാവിലെയാണ് ജലനിരപ്പ് 54 അടിയിൽ എത്തിയത് വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു 54 അടിക്കും മുകളിലായതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി രാവിലെ 8 മണി മുതൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഷട്ടറുകൾ കൂടുതൽ തുറന്നു വിടാൻ തുടങ്ങിയത്.
വൈകുന്നേരം 4ന് മൂന്ന് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ തുടങ്ങി. പോത്തുണ്ടി ഡാമിൽ നിന്നും കൂടുതൽ അളവിൽ പുഴയിലേക്ക് വെള്ളം തുറന്നതോടെ പുഴയോരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
ചാത്തമംഗലം പുഴ പാലത്തിനടുത്ത് നാലുമണിയോടെ റോഡിലേക്കും സമീപത്തെ വീട്ടിലേക്കും വെള്ളം കയറി. ജാഗ്രതാനിർദേശത്തെ തുടർന്ന് ചാത്തമംഗലം പുഴപ്പാലത്തിനടുത്ത വീട്ടുകാർ സമീപ വീടുകളിലേക്ക് താമസംമാറ്റി.
ചിറ്റൂർ താലൂക്കിൽ ചുഴലിക്കാറ്റിൽ 45 വൈദ്യുതി പോസ്റ്റുകൾ തകർന്നു
ചിറ്റൂർ: കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ വീശിയ ചുഴലിക്കാറ്റിൽ 45 ൽ കൂടുതൽ പോസ്റ്റുകൾ തകരുകയും 60 ഭാഗങ്ങളിൽ ലൈനുകൾ പൊട്ടിയും നാശം.

വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ സമയപരിധിയില്ലാതെ ജോലി ചെയ്തുവരികയാണ്. മരങ്ങൾ കടപുഴകി റോഡിലും വീടുകൾക്ക് മീതേയും വീണ നിരവധി സംഭവങ്ങളും നടന്നിട്ടുണ്ട്.
മുതലമടയിൽ പാപ്പാൻച്ചള്ള, പാണ്ടിക്കാട്, ചെമ്മണാംപതി, ചെമ്മണംതോട്, പോത്തമ്പാടം കൊഴിഞ്ഞാമ്പാറ സെക്ഷൻ ഓഫീസ് പരിധിയിലുള്ള ചെട്ടികുളം, ഇരട്ടക്കുളം, കുലുക്കപ്പാറ, പി.പി. ചള്ള, വേലന്താവളം സെക്ഷൻ ഓഫീസ് പരിധിയിലുള്ള മേനോൻപാറ, ആട്ടയാമ്പതി രാമാണ്ടി പാളയം, മണൽക്കാട്, ഭഗവതിപ്പാറ, മിനിക്കാട്, കിണർപ്പള്ളം ഉൾപ്പെടെ സ്ഥലങ്ങളിലാണ് പോസ്റ്റുകൾ പൊട്ടിയും കമ്പികൾമുറിഞ്ഞും നാശമുണ്ടായിരിക്കുന്നത്.
വിവിധ സെക്ഷൻ ഓഫീസുകളിൽ ഇന്നലെ വൈകുന്നേരംവരേയും വൈദ്യുതി തകരാറിലായ വിവരങ്ങൾങ്ങൾ എത്തിക്കൊണ്ടിരുന്നു. ഇന്ന് ഉച്ചയോട പൂർണതോതിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
വിനോദ സഞ്ചാരികൾക്കു നിയന്ത്രണം
പാലക്കാട്: നെല്ലിയാന്പതി മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി എഡിഎം കെ. സുനിൽകുമാറിന്റെ നിർദേശപ്രകാരം നെന്മാറ ഡിഎഫ്ഒ പി. പ്രവീണ് അറിയിച്ചു.
റോഡിൽ രണ്ടുമൂന്നു സ്ഥലത്ത് മരങ്ങൾ കടപുഴകി വീഴുകയും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം. മഴ കുറയുന്നതുവരെ വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
മാറ്റിപ്പാർപ്പിച്ചു
പാലക്കാട്: നെന്മാറ വില്ലേജിൽ ചെമ്മന്തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനാൽ 8 കുടുംബങ്ങളിൽ നിന്ന് 20 പേരെയും ചാത്തമംഗലം ചപ്പാത്ത് കവിഞ്ഞ് വെള്ളം കയറിയതിന് 5 വീടുകളിൽ നിന്നായി 16 പേരെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.