കാട്ടാനക്കലി മാറാതെ കരിമ്പാറ മേഖല
1579180
Sunday, July 27, 2025 6:37 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ കാട്ടാന കൃഷിനാശം വരുത്തി. കൽച്ചാടിയിലെ എം. അബ്ബാസിന്റെ 15 കമുകുകളാണ് കഴിഞ്ഞ രാത്രി കാട്ടാനകൾ ഇറങ്ങി നശിപ്പിച്ചത്. രണ്ടുദിവസമായി ഇതേ കൃഷിയിടത്തിൽ കാട്ടാന തുടർച്ചയായി നാശം വരുത്തുകയാണ്.
നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്ഷൻ വനം ജീവനക്കാരെ അറിയിച്ചു. തുടർന്ന് മലയോര മേഖലയോട് ചേർന്ന് പടക്കം പൊട്ടിക്കലിൽ ഒതുങ്ങി കാട്ടാനയെ കൃഷിയിടങ്ങളിൽ നിന്ന് അകറ്റൽ എന്ന് കർഷകർ പരാതി പറഞ്ഞു. റബർ ബുള്ളറ്റ് ഉള്ള തോക്കുകൾ വനം വകുപ്പിന് നൽകിയിട്ടുണ്ടെങ്കിലും ഓഫീസിൽ സൂക്ഷിച്ചുവയ്ക്കുകയാണെന്നും കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടുന്നതിന് ഇത് ഉപയോഗിക്കുന്നില്ലെന്നും പരാതി പറയുന്നു. കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റുന്നതിന് വനം വകുപ്പ് പടക്കംപൊട്ടിച്ച് നാട്ടുകാരെ പറ്റിക്കുകയാണെന്ന് വ്യാപകമായ പരാതി കഴിഞ്ഞ അഞ്ചുദിവസമായി തുടർച്ചയായി വനം വാച്ചർമാർ കാട്ടാനകളെ ഉൾവനത്തിലേക്ക് പകൽ കയറ്റിയതായി പറയുന്നുണ്ടെങ്കിലും രാവിലെ കൃഷിയിടത്തിൽ വീണ്ടും കാട്ടാന നാശംവരുത്തി കൃഷിയിടത്തിൽ നിൽക്കുന്ന കാഴ്ചയാണ് കർഷകർ കാണുന്നത്.
ഒരു രാത്രി കരിമ്പാറയിൽ ആണെങ്കിൽ അടുത്തദിവസം ഒരു കിലോമീറ്റർ അകലെയുള്ള കൽച്ചാടി, തൊട്ടടുത്ത ദിവസം പൂഞ്ചേരി, ഓവുപാറ, ഒലിപ്പാറ തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളിൽ മാറിമാറി ഇറങ്ങി കൃഷിനശിപ്പിക്കുകയാണ്.
വനം വാച്ചർമാർ പടക്കം പൊട്ടിച്ച് തുടങ്ങിയതോടെ കാട്ടാനകൾ രണ്ടും മൂന്നും ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഇടങ്ങളിൽ ഇറങ്ങിത്തുടങ്ങി. മേഖലയിലെ സൗരോർജവേലി പ്രവർത്തിക്കാത്തതും നിർമാണം നടന്നുകൊണ്ടിരിക്കുന്ന തൂക്കുവേലി പണിപൂർത്തിയാവാത്തതും കാട്ടാനകൾക്ക് കൃഷിയിടങ്ങളിലേക്കു വഴിയൊരുക്കുന്നതായാണ് കർഷകരുടെ പരാതി.