അതിവേഗ റെയിൽപ്പാതയ്ക്ക് നടപടികൾ തുടങ്ങി
1579851
Wednesday, July 30, 2025 1:47 AM IST
ഷൊർണൂർ: ഷൊർണൂർ മുതൽ കോയന്പത്തൂർ പോത്തനൂർവരെ അതിവേഗ റെയില്പാതയൊരുങ്ങുന്നു. പാതയിൽ ട്രെയിനുകളുടെ വേഗം 130 മുതൽ 160 കിലോമീറ്റർവരെ ഉയർത്താനുള്ള നടപടിക്രമങ്ങളിലാണ് റെയിൽവേ. ഇതിനുവേണ്ടുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി റെയിൽപാളങ്ങൾക്കിരുവശങ്ങളും മതിൽകെട്ടി സുരക്ഷയൊരുക്കണം. ഇതിന്റെ നിർമാണ പ്രവൃത്തികൾ വിവിധ മേഖലകളിൽ നടന്നുവരികയാണ്. പദ്ധതി വരുമ്പോൾ മറ്റുയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.
പാതയിൽ ഉൾപ്പെടുന്ന റെയിൽവേ ഗേറ്റുകൾ പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.
ഇത്തരത്തിൽ നിലവിൽ ഒരു പ്രധാന ഗേറ്റ് പ്രവർത്തിക്കുന്നത് ലക്കിടിയിലാണ്. തൃശൂർ ജില്ലയിലെ പാമ്പാടിയെയും പാലക്കാട് ജില്ലയിലെ ലക്കിടിയെയും ബന്ധിപ്പിക്കുന്നതാണ് ഈ ഗേറ്റ്. പാമ്പാടിയിലെ ഐവർമഠം, കോളജുകളിലേക്കും ആളുകൾ എത്തുന്നത് ഈ ഗേറ്റ് കടന്നാണ്.
പാമ്പാടി ഭാഗത്തുള്ളവർ ആശുപത്രികൾക്കായും ട്രെയിൻ കയറാനും ആശ്രയിക്കുന്നത് ഒറ്റപ്പാലത്തേയുമാണ്. ഇതുകൊണ്ടുതന്നെ മേഖലയിൽ റെയിൽവേ മേൽപ്പാലം അത്യാവശ്യമാണന്നറിയിച്ചു കഴിഞ്ഞ ദിവസം കെ. രാധാക്യഷ്ണൻ എംപി കേന്ദ റെയിൽവേ മന്ത്രിക്ക് കത്തുനൽകിയിരുന്നു.
ലക്കിടി ഗേറ്റ്, വല്ലാത്ത കടന്പ
ഒരു ദിവസം 80 തവണയാണ് ലക്കിടി റെയിൽവേ ഗേറ്റ് അടയ്ക്കാറുള്ളത്. അതിൽ 35 തവണയോളം പകൽ സമയത്താണ്. 45 തവണയോളം രാത്രി സമയത്തും അടയ്ക്കും.
ഇതോടെ ശവസംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹവുമായി പോകുന്നവരുൾപ്പെടെ ഗേറ്റിൽ കുടുങ്ങും. ഇതിനുപുറമെ ഗേറ്റ് ഇടക്കിടെ തകരാറാകുന്നതും യാത്രക്കാരെ മണിക്കൂറുകൾ കുടുക്കും.
നേരത്തെ മേൽപ്പാലത്തിനായി ബജറ്റിൽ ടോക്കൺ തുകയായി 20 കോടി രൂപ ഉൾപ്പെടുത്തുകയും 15 ലക്ഷം രൂപ ചെലവഴിച്ച് സാധ്യതാപഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ജില്ലാതിർത്തിയായ ചേലക്കര മണ്ഡലത്തിൽ എംഎൽഎയായിരിക്കുമ്പോഴും കെ. രാധാകൃഷ്ണൻ പാലം ആവശ്യത്തിനായി രംഗത്തെത്തിയിരുന്നു. റെയിൽ പാത അതിവേഗപാതയാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മേൽപ്പാലം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രദേശവാസികൾ.