കണ്ണമ്പ്രയിൽ പാപ്കോസ് റൈസ്മിൽ പ്രവർത്തനം വൈകുന്നു ; കോൺഗ്രസ് സമരത്തിലേക്ക്
1580221
Thursday, July 31, 2025 7:08 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ മാങ്ങോട് പാപ്കോസ് കമ്പനിക്കായി സ്ഥലംവാങ്ങി ആറുവർഷത്തിലധികമായിട്ടും യാതൊരു പ്രവർത്തനങ്ങളും തുടങ്ങാത്തതിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.
കമ്പനി പ്രവർത്തിക്കാനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്നും അതല്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ തുടങ്ങുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിഷേധയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മോഹനൻ കല്ലിങ്കൽപ്പാടം അധ്യക്ഷത വഹിച്ചു.
സന്തോഷ് നടത്തിപ്പാറ, സുദേവൻ കൊട്ടേക്കാട്, പി.പി. തോമസ്, ശിവൻ രക്കാണ്ടി, ജോൺ മാങ്ങോട്, സുധാകരൻ രക്കാണ്ടി, ഹുസൈൻ ചൂർക്കുന്ന്, മാധവൻ വാളുവെച്ചപ്പാറ,മനോജ് ചൂർക്കുന്ന് പ്രസംഗിച്ചു. മാങ്ങോട്- ചാരക്കുന്ന് റോഡ് എന്നു പറഞ്ഞാണ് പാപ്കോസിലേക്ക് എട്ടുമീറ്റർ വീതിയിൽ റോഡിനായി ഇപ്പോൾ അക്വിസിഷൻ നടപടി നടക്കുന്നത്.
എന്നാൽ പഞ്ചായത്ത് രജിസ്റ്ററിൽ ഈ റോഡ് എട്ടുമീറ്ററെന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി നേതാക്കൾ പറഞ്ഞു. 2013 ലാണ് സർക്കാർ റോഡ് ഏറ്റെടുത്തത്. ചാരക്കുന്നിലേക്ക് റോഡ് അക്വയർ ചെയ്യാതെ കമ്പനി സ്ഥലത്തേക്ക് മാത്രമായാണ് മഞ്ഞക്കല്ലുകൾ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്.
പാപ്കോസ് എന്ന പേരുപോലും പറയാൻ ഭരണക്കാർക്കു പറയാൻ മടിയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഭൂവുടമകളുടെ ആശങ്കകൾ പരിഹരിച്ച് എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും റോഡ് വീതികൂട്ടി ചാരക്കുന്നിലേക്കുകൂടി എത്തിക്കണമെന്നും ആവശ്യപ്പെട്ടു.