രാമനാഥപുരം രൂപതയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആചരിച്ചു
1579584
Tuesday, July 29, 2025 1:38 AM IST
കോയമ്പത്തൂർ: സിറോ മലബാർസഭയുടെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തിൽ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ ആചരിച്ചു.
രാമനാഥപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ, സെക്രട്ടറി ഫാ. ആന്റണി കൂട്ടുങ്ങൽ, രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. അമല്‍ പാലാട്ടി, ഇടവക അസിസ്റ്റന്റ് വികാരി ഫാ. മെൽവിൻ ചൊവ്വല്ലൂർ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് ലദീഞ്ഞും നൊവേനയും പ്രദക്ഷിണവും നടന്നു. തിരുനാൾ ആഘോഷങ്ങൾക്ക് രാമനാഥപുരം സെന്റ് ജോർജ് എഫ്സിസി സന്യാസസമൂഹം നേതൃത്വം നല്കി.
എഫ്സിസി പാലക്കാട് സെറാഫിക് പ്രൊവിൻസ് പ്രൊവിൻഷ്യാൾ, രൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളുടെയും ഇടവകകളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ ഇടവകാംഗങ്ങളോടൊപ്പം തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു.